മുംബൈ: മുംബൈ കോളേജിന്റെ ഹിജാബ് നിരോധനത്തിനെതിരായ ഹരജി തള്ളി ബോംബൈ ഹൈക്കോടതി. ക്യാമ്പസില്‍ ഹിജാബ്, ബുര്‍ഖ, നിഖാബ് എന്നിവ ധരിക്കുന്നത് നിരോധിച്ച മുംബൈ കോളേജിന്റെ തീരുമാനത്തിനെതിരെ ഒമ്പത് വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മുംബൈയിലെ ആചാര്യ മറാത്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജാണ് ഹിജാബ് നിരോധിച്ച് ഉത്തരവിറക്കിയത്.
എന്നാല്‍ കോളേജിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ താത്പര്യമില്ലെന്ന് ജസ്റ്റിസുമാരായ എ.എസ്. ചന്ദൂര്‍ക്കര്‍, രാജേഷ് പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ജൂണ്‍ 14നാണ് കോളേജിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്.
കോളേജിന്റെ നടപടി തെരഞ്ഞെടുക്കാനും സ്വകാര്യതയ്ക്കും മതം ആചരിക്കാനുമുള്ള തങ്ങളുടെ മൗലികാവകാശത്തെ ലംഘിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹിജാബ് നിരോധനം സ്വേച്ഛാധിഷ്ഠിതവും യുക്തിരഹിതവും വികൃതവുമാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വര്‍ഷങ്ങളായി കോളേജിന് അകത്തും പുറത്തുമായി വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ചിരുന്നതായും ഹരജിയില്‍ പറയുന്നു.
ചെമ്പൂര്‍ ട്രോംബെ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള കോളേജിനെതിരെ നടപടി സ്വീകരിച്ച ഈ ഒമ്പത് വിദ്യാര്‍ത്ഥികളും ഡിഗ്രി കോഴ്സുകളാണ് ചെയ്യുന്നത്. എന്നാല്‍ കോളേജിന്റെ നടപടി മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഹരജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ അനില്‍ അന്തൂര്‍ക്കര്‍ പറഞ്ഞു. മൗലികാവകാശത്തിന്റെ ഭാഗമായ മതചിഹ്നങ്ങള്‍ ഒഴിവാക്കാനാണ് കോളേജിന്റെ നിരോധന ഉത്തരവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: ഭരണ വിരുദ്ധ വികാരം; കെനിയൻ പാർലമെന്റിന് തീയിട്ട് ജനങ്ങൾ
അതേസമയം കോളേജിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അല്‍ത്താഫ് ഖാന്‍, ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ നടപടി ശരിവെച്ചുള്ള 2022ലെ കര്‍ണാടക ഹൈക്കോടതി ഉത്തരവും ചൂണ്ടിക്കാട്ടി. ഈ ഉത്തരവില്‍ കോളേജ് നിര്‍ദേശിക്കുന്ന യൂണിഫോമുകള്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ഹിജാബ് നിരോധിച്ചുള്ള തീരുമാനം ഇമെയില്‍, വാട്‌സ്ആപ്പ് മുഖേനെ മുംബൈ കോളേജ് വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു. എന്നാല്‍ കര്‍ണാടകയിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ തങ്ങളുടെ തീരുമാനം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നും അല്‍ത്താഫ് ഖാന്‍ പറഞ്ഞു.
Content Highlight: Bombai HC dismisses Mumbai college students’ plea against hijab ban