ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി; മൂന്ന് നില കെട്ടിടം ഒഴിപ്പിച്ചു
World News
ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി; മൂന്ന് നില കെട്ടിടം ഒഴിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2018, 10:52 am

സാന്‍ ഫ്രാന്‍സിസ്‌കോ: സിലിക്കണ്‍ വാലിയിയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. ബോംബ് സ്‌ഫോടനം നടക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് സിലിക്കണ്‍ വാലിയിലെ ഓഫീസ് കെട്ടിടങ്ങളില്‍ ഒന്ന് ഒഴിപ്പിച്ചു.

വൈകീട്ട് 4:30 ഓടെ ബോംബ് സ്‌ഫോടനം നടക്കുമെന്ന സൂചന നല്‍കുന്ന അജ്ഞാത സന്ദേശം ലഭിച്ച ഉടന്‍ കെട്ടിടം ഒഴിപ്പിക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷവും പൊലീസിന് സ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പ്രധാന ഒഫീസുമായി ബന്ധമില്ലാത്ത ഒരു മൂന്ന് നില കെട്ടിടമാണ് ഒഴിപ്പിച്ചത് എന്നാണ് ഫേസ്ബുക്ക് വക്താവ് ആയ നിക്കോള്‍ എയ്ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read:  വലിയ അവസരം ലഭിച്ചിട്ടും മോദി അത് തുലച്ചു ; എന്ത് ചെയ്യരുത് എന്ന പാഠം തന്നെ പഠിപ്പിച്ചത് മോദി: രാഹുല്‍ ഗാന്ധി

കെട്ടിടത്തില്‍ നിലവില്‍ തിരച്ചില്‍ തുടരുകയാണെന്നും പൂര്‍ണ്ണമായും പൊലീസ് നിരീക്ഷണത്തിലാണെന്നും എയ്ക്കര്‍ റോയിറ്റേര്‍സിനോട് പറഞ്ഞു. ബോംബ് ഭീഷണി ഉണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിച്ചുവെന്നും അവര്‍ അറിയിച്ചു.

നേരത്തെ സിലിക്കണ്‍ വാലിയിലെ തന്നെ മറ്റൊരു കമ്പനിയായ യുട്യൂബു ഇത്തരത്തില്‍ ഒരു ബോംബ് ഭീഷണി നേരിട്ടിരുന്നു. മെയ്യില്‍ ഓഫീസുകള്‍ക്കടുത്തായി ഒരു സ്ത്രീ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.