| Tuesday, 28th February 2017, 7:14 pm

ഇംഫാലില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലി വേദിക്കരികില്‍ നിന്ന് ബോംബ് നീക്കം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുന്ന സ്ഥലത്തിനടുത്ത് നിന്നും ബോബ് നീക്കം ചെയ്തു. ഹപ്ത കാന്‍ജെയിംങ്ബങിലെ കോണ്‍ഗ്രസ് വേദിയുടെ ആറു കിലോമീറ്റര്‍ അകലെ നിന്നുമാണ് ഇന്നു രാവിലെ ബോംബ് കണ്ടെത്തിയത്. സ്‌ഫോടക വസ്തു നിര്‍വീര്യമാക്കിയതായി പൊലീസ് അറിയിച്ചു.


Also read ഓസ്‌കാര്‍ വേദിയില്‍ അവതാരകര്‍ക്ക് തെറ്റു പറ്റാന്‍ കാരണം തന്നെ വിമര്‍ശിച്ചത്: ഡൊണാള്‍ഡ് ട്രംപ് 


ഇന്നു രാവിലെ ആറുമണിയോടെയായിരുന്നു കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ ഹപ്ത കാന്‍ജെയിംങ്ബങ് ഏരിയയിലെ ഒരു വീടിന്റെ മുന്നില്‍ നിന്ന് ബോംബ് കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് ബോംബ് നിര്‍വ്വീര്യമാക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു.

സുരക്ഷാ സംവിധാനം ഉറപ്പാക്കിയ പൊലീസ് പരിപാടിക്കും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹപ്ത കാന്‍ജെയിംങ്ബങിലെ നടക്കുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി സംസാരിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ മണിപ്പൂരില്‍ ബി.ജെ.പി റാലിയില്‍ പങ്കെടുത്ത പ്രധാന മന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സംസ്ഥാനത്തെ ഇല്ലാതാക്കിയെന്ന് മോദി ആരോപിച്ചിരുന്നു.

സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിച്ചാണ് മുഖ്യമന്ത്രി ഒക്രാം ഇബോബി ഭരണം മുന്നോട്ട് കൊണ്ട് പോകുന്നതെന്നും സ്ംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ സന്ദര്‍ശനത്തിനിടെ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്. മാര്‍ച്ച് നാലിനും എട്ടിനുമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

We use cookies to give you the best possible experience. Learn more