| Friday, 18th June 2021, 8:33 am

അംബാനിയുടെ വീടിന് മുന്നിലെ ബോംബ്; മുംബൈ പൊലീസിലെ മുന്‍ 'എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്' പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് ശര്‍മ്മയെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെയാണ് പ്രദീപ് ശര്‍മയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ അറസ്റ്റിലായ മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രദീപ് ശര്‍മയെന്ന് എന്‍.ഐ.എ. വൃത്തങ്ങള്‍ പറഞ്ഞു.

പ്രദീപ് ശര്‍മ്മയുടെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയതെന്നും ഇതാണ് അംബാനിയുടെ വീടിന് സമീപത്ത് എത്തിച്ചതെന്നും എന്‍.ഐ.എ. കണ്ടെത്തിയിരുന്നു.

നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായിട്ടായിരുന്നു പ്രദീപ് ശര്‍മ്മ ജോലി രാജി വെച്ചത്. 2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥിയായിരുന്നു പ്രദീപ് ശര്‍മ്മ.

ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ സ്‌കോര്‍പ്പിയോ എസ്.യു.വി വാഹനമാണ് കണ്ടെത്തിയത്.

ബോംബ് സ്‌ക്വാഡ് എത്തി വാഹനം പരിശോധിച്ച ശേഷം സ്‌ഫോടകവസ്തുക്കള്‍ മാറ്റുകയായിരുന്നു. ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

അതേസമയം അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തു നിറച്ച കാര്‍ എത്തിച്ചതിന് പിന്നില്‍ തങ്ങളാണെന്ന് ജെയ്ഷ് ഉള്‍ ഹിന്ദ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇപ്പോള്‍ നടന്നത് ട്രെയിലറാണെന്നും ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ മക്കളെ കൊല്ലുമെന്നും പറഞ്ഞുകൊണ്ട് ജെയ്ഷ് ഉള്‍ ഹിന്ദിന്റെ പേരില്‍ കത്തും എത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Bomb in front of Ambani’s house; Mumbai police have arrested a former ‘encounter specialist’

We use cookies to give you the best possible experience. Learn more