| Tuesday, 9th March 2021, 12:08 pm

പശ്ചിമ ബംഗാളില്‍ ബോംബ് ഫാക്ടറി; അമിത് ഷായുടെ നുണബോംബുകള്‍ നിര്‍വീര്യമാക്കി വിവരാവകാശ രേഖകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ ഓരോ ജില്ലകളിലും ബോംബ് നിര്‍മ്മാണ ഫാക്ടറികളുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനകള്‍ നുണയെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്ത്. ഞായറാഴ്ച നടന്ന വിജയയാത്ര സമാപന വേദിയില്‍വെച്ച് അമിത് ഷാ സ്വര്‍ണക്കടത്ത് കേസില്‍ ദുരൂഹമരണം സംഭവിച്ചുവെന്ന് പറഞ്ഞിരുന്നു.

ഇത് കേരളത്തില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് പശ്ചിമ ബംഗാളില്‍ ബോംബ് നിര്‍മ്മാണ ഫാക്ടറി ഓരോ ജില്ലകളിലുമുണ്ടെന്ന അമിത് ഷായുടെ അവകാശവാദം നുണയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

2020 ഒക്ടോബര്‍ പതിനേഴിന് സി.എന്‍.എന്‍- ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷായുടെ വിവാദ പരാമര്‍ശം. ഇതു സംബന്ധിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖ്‌ലെ നല്‍കിയ അപേക്ഷയിലാണ് അമിത് ഷായുടെ അവകാശവാദങ്ങള്‍ തെറ്റാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നത്.

അമിത് ഷാ പറഞ്ഞ ബംഗാളിലെ ഓരോ ജില്ലയിലെയും ബോംബ് നിര്‍മ്മാണ കേന്ദ്രങ്ങളുടെ ലിസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ അങ്ങിനെയൊരു ലിസ്റ്റ് ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്.

ആഭ്യന്തര മന്ത്രാലയം അമിത് ഷായ്ക്ക് ഇതേക്കുറിച്ച് ബ്രീഫിംഗ് നല്‍കിയിട്ടില്ലെന്നും ഷായുടെ പ്രസ്താവന ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടി ലഭിച്ചു.

ബോംബ് നിര്‍മ്മാണ ഫാക്ടറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബംഗാള്‍ പൊലീസുമായി പങ്കുവെച്ചോ എന്ന ചോദ്യത്തിന് അത്തരത്തില്‍ പങ്കുവെക്കാന്‍ ബോംബ് നിര്‍മ്മാണ ഫാക്ടറിയുമായി ബന്ധപ്പെട്ട് വിവരങ്ങളൊന്നുമില്ലെന്നും മറുപടിയില്‍ പറയുന്നു.

കേരളത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിജയയാത്ര സമാപന വേളയില്‍ അമിത് ഷാ പറഞ്ഞ സ്വര്‍ണം, ഡോളര്‍ക്കടത്തുകേസുകളുമായി ബന്ധപ്പെട്ട സംശയാസ്പദമരണം ആരുടേത് എന്നത് വലിയ ചര്‍ച്ചയാകുമ്പോഴാണ് അമിത് ഷായുടെ മറ്റൊരു വിവാദ പ്രസ്താവനയുടെ മുനയൊടിയുന്നത്.

സര്‍ണക്കടത്തു കേസില്‍ ഒരു സാക്ഷി സംശയാസ്പദമായി മരിച്ചു.അതേപ്പറ്റി ശരിയായ ദിശയില്‍ അന്വേഷണം നടത്തിയോ എന്നായിരുന്നു അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചത്.

അതേസമയം ഷാ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ക്കു പോലും അറിയില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഷായുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം ഏതെങ്കിലും മരണത്തെക്കുറിച്ച് സംശയമുണ്ടെങ്കില്‍ എഴുതിതന്നാല്‍ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bomb Factory in West Bengal; RTI details proves that Amith Shah Lied

We use cookies to give you the best possible experience. Learn more