| Sunday, 5th February 2023, 6:47 pm

പാകിസ്ഥാന്റെ ക്രിക്കറ്റ് മോഹങ്ങളെ ചിതറിത്തെറിപ്പിക്കാന്‍ വീണ്ടും മറ്റൊരു ബോംബ്; ആശങ്കകള്‍ ഒഴിയുന്നില്ലേ?

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ ഏഷ്യാ കപ്പിന് വേദിയാകുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളുമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. പാകിസ്ഥാനില്‍ വെച്ചാണ് ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് നടത്തുന്നതെങ്കില്‍ ഇന്ത്യന്‍ ടീമിനെ ടൂര്‍ണമെന്റിനയക്കില്ല എന്ന് ബി.സി.സി.ഐയും, ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കാനാണ് പരിപാടിയെങ്കില്‍ ഈ വര്‍ഷത്തെ ഐ.സി.സി ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയിലേക്കെത്തില്ല എന്ന് പാകിസ്ഥാനും നിലപാട് സ്വീകരിച്ചു.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പല ടീമുകളും പാകിസ്ഥാനിലെത്തി ക്രിക്കറ്റ് കളിക്കാന്‍ വിമുഖത കാണിക്കുന്നത്. 2009ല്‍ ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ ടീമിനെതിരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് പല ടീമുകളും പാകിസ്ഥാനിലെത്താതായത്.

എന്നാല്‍ പാകിസ്ഥാനിലെത്തി ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമാണെന്ന് മനസിലായതോടെ സമീപകാലങ്ങളില്‍ പാകിസ്ഥാനിലേക്ക് പല ടീമുകളും പര്യടനത്തിനെത്തി തുടങ്ങിയിരുന്നു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരായിരുന്നു പാക് മണ്ണില്‍ പര്യടനത്തിനെത്തിയത്.

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം നേരത്തെ പാകിസ്ഥാനില്‍ പര്യടനത്തിനെത്തുകയും എന്നാല്‍ മത്സരത്തിന് തൊട്ടുമുമ്പ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കളത്തിലിറങ്ങാതിരുന്നതും വാര്‍ത്തയായിരുന്നു.

എന്നാല്‍ ക്വേറ്റയില്‍ സ്റ്റേഡിയത്തിന് സമീപം വീണ്ടുമൊരു സ്‌ഫോടനം നടന്നതോടെ പാകിസ്ഥാനില്‍ ക്രിക്കറ്റിന്റെ ഭാവിയും അനിശ്ചിതത്വത്തിലാവുകയാണ്. ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പാകിസ്ഥാന്റെ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ഈ സ്‌ഫോടനം.

വിവിധ ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി നടന്ന പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു പി.എസ്.എല്‍ സൂപ്പര്‍ ടീമായ ക്വറ്റ ഗ്ലാഡിയേറ്റ്‌ഴ്‌സിന്റെ ഹോം ഗ്രൗണ്ടിന് സമീപം ബോംബ് സ്‌ഫോടനം നടന്നത്.

പാക് നായകന്‍ ബാബര്‍ അസം നായകനാകുന്ന ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സും സര്‍ഫറാസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള പെഷവാര്‍ സാല്‍മിയും തമ്മിലുള്ള മത്സരം ഇതോടെ നിര്‍ത്തി വെക്കേണ്ടതായും വന്നിരുന്നു.

എന്നാല്‍ സ്‌ഫോടനമല്ല, മറിച്ച് ആരാധകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മത്സരം നിര്‍ത്തിവെച്ചതെന്നാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാകിസ്ഥാനില്‍ താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാധിക്കണം. എങ്കില്‍ മാത്രമേ പാകിസ്ഥാന് പരമ്പരയും ടൂര്‍ണമെന്റുകളും നടത്താന്‍ സാധിക്കൂ.

Content highlight: Bomb Blast near Quetta stadium

We use cookies to give you the best possible experience. Learn more