തൊടുപുഴ: തൊടുപുഴയിൽ ഉടുമ്പന്നൂരിൽ ഉഗ്രസ്ഫോടനം. തിങ്കളാഴ്ച രാവിലെ 7.15 ഓടെയാണ് വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. ഉടുമ്പന്നൂർ പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾ പതിവായി മാലിന്യം കത്തിക്കുന്ന സ്ഥലത്ത് വെച്ചാണ് സ്ഫോടനമുണ്ടായത്.
അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്റെ ഉഗ്ര ശബ്ദം കേൾക്കുകയുണ്ടായെന്ന് സ്ഥലവാസികൾ പറയുന്നു. തിരക്കേറിയ നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലായിട്ടാണ് പൊട്ടിത്തെറി ഉണ്ടായത്. രാവിലെ ശുചീകരണ തൊഴിലാളികൾ മാലിന്യത്തിനു തീയിട്ടു പോയതിനു ശേഷമാണ് സ്ഫോടനമുണ്ടായത്.
സംഭവത്തെതുടർന്നു തൊടുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ മാലിന്യത്തിൽ കിടന്ന പടക്കമോ മറ്റോ പൊട്ടിയതാകാനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്.