24 വര്‍ഷത്തിന് ശേഷം ആദ്യമായാണ് കങ്കാരുക്കള്‍ പാക് മണ്ണില്‍ പരമ്പരയ്‌ക്കെത്തുന്നത്. സുരക്ഷാ ഭീഷണി തന്നെയായിരുന്നു പാകിസ്താനില്‍ വെച്ച് പരമ്പര കളിക്കുന്നതില്‍ നിന്നും ഓസീസിനെ പിന്നോട്ടു വലിച്ചിരുന്നത്.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പല ടീമുകളും പാകിസ്ഥാനില്‍ പര്യടനം നടത്താറില്ല. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ പര്യടനത്തിനെത്തിയ കിവീസിനെ മത്സരത്തിന് തൊട്ടുമുന്‍പ് ന്യൂസിലാന്‍ഡ് ഭരണകൂടം തിരികെ വിളിച്ചതും വാര്‍ത്തയായിരുന്നു.
എന്നാല്‍, കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായി പാക് മണ്ണിലെത്തിയ ഓസീസിനെ, പരമ്പരയുടെ ആദ്യ ദിവസം തന്നെ വരവേറ്റത് ഉഗ്ര സ്‌ഫോടനമായിരുന്നു. മത്സരം നടക്കുന്ന റാവല്‍പിണ്ടിയില്‍ നിന്നും അധികദൂരയെല്ലാത്ത പെഷവാറിലെ ഷിയാ പള്ളിയിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. മുപ്പതിലധികം ആളുകളായിരുന്നു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് 24 വര്‍ഷം പാകിസ്താനില്‍ പര്യടനം നടത്താനുള്ള എല്ലാ അവസരവും ക്രിക്കറ്റ് ഓസ്ട്രേലിയ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ കളിക്കാന്‍ തീരുമാനം എടുത്തപ്പോള്‍ ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കിയാണ് പാകിസ്ഥാന്‍ വരവേറ്റത്.
പള്ളിയില്‍ ഭീകരാക്രമണം നടന്നുവെന്നാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഇതോടെ റാവല്‍പിണ്ടി സ്റ്റേഡിയത്തിലെ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഓസീസ് ടീമിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും, ടീമിനെ ഉടന്‍ തന്നെ തിരിച്ചുവിളിക്കണമെന്നും ആരാധകര്‍ മുറവിളി കൂട്ടുന്നുണ്ട്. ഇവരുടെ ആവശ്യം പരിഗണിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ ടീമിനെ തിരികെ വിളിക്കുകയാണെങ്കില്‍ പരമ്പര റദ്ദാക്കി മടങ്ങുമെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.
ഇത്തരത്തില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് തങ്ങളുടെ ടീമിനെ തിരികെ വിളിച്ചത്. താരങ്ങള്‍ കളിക്കില്ലെന്നും അവരെ തിരിച്ചു വിളിക്കുകയാണെന്നും ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പരമ്പര റദ്ദാക്കിയത്.
18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലാന്‍ഡ് പാക്കിസ്ഥാന്‍ മണ്ണില്‍ പര്യടനത്തിനെത്തിയത്. 2003ല്‍ ആണ് ഇരുവരും പാകിസ്ഥാനില്‍ വെച്ച് ഏറ്റുമുട്ടിയത്. അന്ന് 5-0ന് പാകിസ്ഥാന്‍ പരമ്പര സ്വന്തമാക്കുകയായിരുന്നു.
2003 ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനരികില്‍ വെച്ച് സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിംഗ് കോച്ച് തിലന്‍ സമരവീരക്ക് വെടിയേറ്റ ശേഷം മിക്ക അന്താരാഷ്ട്ര ടീമുകളും പാകിസ്ഥാനിലെത്തിയിരുന്നില്ല. യു.എ.ഇ പോലെയുള്ള നിഷ്പക്ഷ വേദികളിലായിരുന്നു മത്സരങ്ങള്‍ നടത്തി വന്നിരുന്നത്.
2002ലും സമാന അനുഭവം ഉണ്ടായിരുന്നു. ന്യൂസിലാന്‍ഡ് ടീം താമസിച്ച കറാച്ചിയിലെ ഹോട്ടലിന് പുറത്ത് ബോംബ് സ്‌ഫോടനം നടന്നിരുന്നു. അതോടെ പര്യടനം പാതി വഴിയിലുപേക്ഷിച്ച് ടീം മടങ്ങിയിരുന്നു.
Content highlight: Bomb Blast in Peshawar, near to Australia Pakistan Series in Rawalpindi Stadium