| Thursday, 22nd April 2021, 7:40 am

പാകിസ്ഥാനില്‍ ചൈനീസ് അംബാസിഡര്‍ താമസിച്ച ഹോട്ടലില്‍ ഭീകരാക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്വറ്റ: ചൈനീസ് അംബാസിഡര്‍ താമസിച്ച പാകിസ്ഥാനിലെ ആഡംബര ഹോട്ടലില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റതായി പാക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് എ.എഫ്.പിയോടു പറഞ്ഞു.

പാകിസ്ഥാനിലെ തെക്കു-പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുന്ന സമയത്ത് ചൈനീസ് സംഘം ഹോട്ടലില്‍ ഉണ്ടായിരുന്നില്ല.

ആഡംബര ഹോട്ടല്‍ ശൃംഖലയായ സെറീനയുടെ ക്വറ്റയിലുള്ള ഹോട്ടലിന്റെ കാര്‍ പാര്‍ക്കിംഗിലാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തുതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് അംബാസഡര്‍ നോങ് റോങ്ങിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമായിരുന്നു ഹോട്ടലില്‍ താമസിച്ചിരുന്നത്. സ്‌ഫോടന സമയം സംഘം യോഗത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ ഇതുവരെ ചൈനീസ് എംബസി പ്രതികരിച്ചിട്ടില്ല.

ഹോട്ടല്‍ പാര്‍ക്കിംഗിലെ വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ഐ.ഇ.ഡി പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഹോട്ടലില്‍ താമസിച്ചിരുന്ന ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണോ ആക്രമണം നടന്നതെന്ന കാര്യം അന്വേഷിച്ച് വരികയാണ്. ഇതിനു മുമ്പും ചൈനീസ് ഉദ്യോഗസ്ഥ സംഘങ്ങള്‍ക്ക് നേരെ താലിബാനും ബലൂച് വിമോചന സംഘടനകളും ആക്രമണം നടത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bomb Blast In Pakistan

We use cookies to give you the best possible experience. Learn more