ലാഹോറില്‍ ചാവേറാക്രമണം: 8 പേര്‍ കൊല്ലപ്പെട്ടു
Daily News
ലാഹോറില്‍ ചാവേറാക്രമണം: 8 പേര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th February 2015, 3:50 pm

lahore blast
ലാഹോര്‍: ലാഹോറില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ തെഹ്‌രീകെ താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. സംഘടനയുടെ ജമാഅത്തുല്‍ അഹ്‌റാര്‍ എന്ന വിഭാഗമാണ് ആക്രമണം സംഘടിപ്പിച്ചിട്ടുള്ളത്.

ലാഹോറിലെ ഖില ഗുജ്ജര്‍ സിംഗ് മേഖലയിലുള്ള പോലീസ് സ്‌റ്റേഷന് സമീപത്താണ് സ്‌ഫോടനം നടന്നിട്ടുള്ളത്. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും വനിതാ പോലീസുകാരിയും ഉള്‍പ്പെട്ടിട്ടുണ്ട്.

സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്കും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. പോലീസ് സ്‌റ്റേഷന് നേരെയാണ് ആക്രമണം ലക്ഷ്യം വെച്ചെതെങ്കിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിനാല്‍ സമീപത്ത് വച്ച് സ്‌ഫോടനം നടത്തുകയായിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ലാഹോറില്‍ നടന്ന ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് കൂടാതെ പെഷവാറില്‍ സൈനിക സ്‌കൂളിന് നേരെയും ഭീകരാക്രമണം നടന്നിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പെഷവാറില്‍ ശിയ പള്ളിക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 19ഓളം പേരാണ് കൊല്ലപ്പെട്ടത്.