| Saturday, 5th January 2019, 7:50 am

ബി.ജെ.പി എം.പി വി മുരളീധരന്റെ വീടിനു നേരെ ബോംബേറ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ബി.ജെ.പി എം.പി വി മുരളീധരന്റെ തലശ്ശേരിയിലെ തറവാട് വീടിനു നേരെ ബോംബേറ്. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. സംഭവം നടക്കുമ്പോള്‍ എം.പിയുടെ പെങ്ങളും ഭര്‍ത്താവും ആണ് വീട്ടിലുണ്ടായിരുന്നത്.

തലശ്ശേരിയിലെ എം.എല്‍.എ ഷംസീറിന്റേയും സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടേയും വീടിന് നേരെ ബോംബേറുണ്ടായതിന് പിന്നാലെയാണ് മുരളീധരന്റെ വീടും ആക്രമിക്കപ്പെട്ടത്. ഷംസീറിന്റെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.


ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. പി.ശശിയുടെ തലശ്ശേരി കോടതി പരിസരത്തുള്ള വീടിന് നേരെയാണ് ബോംബേറുണ്ടായത്. കണ്ണൂര്‍ ഇരട്ടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് രാത്രിയില്‍ വെട്ടേറ്റിരുന്നു. പെരുമ്പറ സ്വദേശി വിശാഖിനാണ് ഇരുട്ടിയില്‍ വെട്ടേറ്റത്.

കണ്ണൂരില്‍ സി.പി.ഐ.എം-ആര്‍.എസ്.എസ് വ്യാപക അക്രമം തുടരുകയാണ്. ഇന്നലെ നടന്ന ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശ്ശേരിയില്‍ സി.പി.ഐ.എം-ബി.ജെ.പി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. സി.പി.ഐ.എം തിരുവങ്ങാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലന്റെ വീടിന് നേരെയും ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹരിദാസന്റെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു.


അതേസമയം, സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരോട് ലീവുകളും ഓഫറുകളും റദ്ദാക്കി മടങ്ങി എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more