| Sunday, 6th August 2017, 8:35 am

ഓ...ബോള്‍ട്ട്..! അവസാന ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ടിന് കാലിടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: തോല്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു മനുഷ്യന്‍..തന്റെ റെക്കോഡുകള്‍ ആരാലും തിരുത്തപ്പെടരുതെന്ന് ആവര്‍ത്തിച്ചു പറഞ്ഞ താരം..ഒടുവില്‍ അവസാന ചാമ്പ്യന്‍ഷിപ്പില്‍ നിരാശനായി മടക്കം.. ഉസൈന്‍ ബോള്‍ട്ടെന്ന വേഗതയുടെ രാജാവ് ആദ്യമായി ട്രാക്കില്‍ പരാജയമറിഞ്ഞു..

അവസാന ചാമ്പ്യന്‍ഷിപ്പിനിറങ്ങിയ ഉസൈന്‍ ബോള്‍ട്ടിന് ഇഷ്ടയിനത്തില്‍ വെങ്കലം. 100മീ. ഓട്ടത്തില്‍ ബോള്‍ട്ടിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ സ്വര്‍ണവും കോള്‍മാന്‍ വെള്ളിയും നേടി. 9.92 സെക്കന്റിലാണ് ഗാറ്റ്‌ലിന്റെ സ്വര്‍ണനേട്ടം. 9.94 സെക്കന്റില്‍ രണ്ടാം സ്ഥാനത്തെത്തിയ കോള്‍മാനു പിന്നില്‍ 9.95 സെക്കന്റിലാണ് ബോള്‍ട്ട് ഫിനിഷിംഗ് ലൈന്‍ തൊട്ടത്.


Also Read:മെയ്‌മെയ്തിയാലിയെ തല്ലിത്തകര്‍ത്ത് വിജേന്ദര്‍ സിംഗ്


പങ്കെടുക്കുന്ന മത്സരങ്ങളില്‍ എതിരാളികളെ നിഷ്പ്രഭരാക്കുന്ന ബോള്‍ട്ടിന് ഇനിയുള്ളത് 4X400 റിലെയാണ്. അതോടുകൂടി ഉസൈന്‍ ബോള്‍ട്ടെന്ന ഇതിഹാസം ട്രാക്കിനോട് വിട പറയും.

2008ലെ ബീജിംഗ് ഒളിംപിക്‌സ് മുതലാണ് ഉസൈന്‍ ബോള്‍ട്ടെന്ന പേര് ലോകകായിക ചരിത്രത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയത്. പിന്നീടങ്ങോട്ട് ട്രാക്കില്‍ ബോള്‍ട്ടിന്റെ കാലമായിരുന്നു. സ്റ്റാര്‍ട്ടിംഗ് പോയന്റു മുതല്‍ ഫിനിഷിംഗ് പോയന്റുവരെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ഓടുന്ന ഈ ജമൈക്കന്‍ ഇതിഹാസത്തിന്റെ പേരില്‍ 8 ഒളിംപിക്‌സ് സ്വര്‍ണവുമുണ്ട്.

2005 ലെ ഹെല്‍സിങ്കി ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടുള്ള 35 കാരനായ ഗാറ്റ്‌ലിന്‍ മുമ്പ് പലതവണ ഏറ്റുമുട്ടിയപ്പോഴും ബോള്‍ട്ടിനു മുന്നില്‍ പരാജിതനായിട്ടുണ്ട്. ബോള്‍ട്ടിന്റെ വിടവാങ്ങലിനൊപ്പം ഗാറ്റ്‌ലിന്റെ തിരിച്ചുവരവും ഈ ചാമ്പ്യന്‍ഷിപ്പിന്റെ പ്രത്യേകതയാണ്.

We use cookies to give you the best possible experience. Learn more