റിയോ ദി ജനീറോ: ഇസ്രഈലിലെ തങ്ങളുടെ തെല്‍ അവീവിലെ എംബസി ജെറുസലേമിലേക്ക് മാറ്റുമെന്ന് ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ. ഇസ്രഈല്‍ ഹയോമ് എന്ന ഇസ്രഈലി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തീവ്രവലതു പക്ഷക്കാരനായ ബൊല്‍സൊനാരോ ഇക്കാര്യം വെളിപ്പെടുത്തിയത്.
“തെരഞ്ഞെടുപ്പു ക്യാമ്പയ്‌നില്‍ പറഞ്ഞതു പോലെ ഞങ്ങള്‍ ഇസ്രയേലിലെ ബ്രസീല്‍ എംബസി തെല്‍ അവീവില്‍ നിന്നും ജെറുസലേമിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നു. ഇസ്രഈല്‍ ഒരു പരമാധികാര രാഷ്ട്രമാണ്, ഞങ്ങള്‍ അതിനെ ബഹുമാനിക്കുന്നു”- ബൊല്‍സൊനാരോ പറഞ്ഞു.
ഇസ്രഈലിനെയും ഫലസ്തീനെയും സംബന്ധിച്ച് വളരെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് ജെറുസലേം. 1967ലെ ആറു ദിവസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിലാണ് ഇസ്രഈല്‍ ഫലസ്തീനില്‍ നിന്നും കിഴക്കന്‍ ഇസ്രയേല്‍ പിടിച്ചടക്കുന്നത്. തങ്ങളുടെ ഭാവി രാജ്യത്തിന്റെ തലസ്ഥാനമായി ഫലസ്തീന്‍ വിഭാവനം ചെയ്യുന്നത് കിഴക്കന്‍ ജെറുസലേമിനെയാണ്.
ഇതോടെ ജെറുസലേമിലേക്ക് രാജ്യത്തിന്റെ എംബസി മാറ്റിയ അമേരിക്കയ്ക്ക് ചുവടുപിടിക്കുന്ന രാജ്യമാകും ബ്രസീല്‍. ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം അമേരിക്കയുടെ ഇസ്രയേലിലെ എംബസി ജെറുസലേമിലേക്ക് മാറ്റിയിരുന്നു.
Also Read ബി.ജെ.പിയ്ക്ക് അധികാരം നഷ്ടമാകും; രാജസ്ഥാനില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് സര്‍വേ
തീവ്ര വലതുപക്ഷവാദിയായ ബൊല്‍സൊനാരോ ജനുവരി ഒന്നു മുതല്‍ ബ്രസീലിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും.
Image credits: Mauro Pimental (AFP)