സമീപകാലത്ത് ലോകത്താകമാനം ഉടലെടുത്ത തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ ലാറ്റിനമേരിക്കന്‍ പതിപ്പാണ് ജൈര്‍ ബോല്‍സനാരോ. ഇന്ത്യയുടെ ഈ വര്‍ഷത്തെ റിപബ്ലിക് ദിന അതിഥി. ‘ട്രംപ് ഓഫ് ദി ട്രോപിക്’ എന്ന ചെല്ലപ്പേര് ചൊല്ലി വിളിക്കുന്ന ബോല്‍സനാരോ ജനാധിപത്യത്തെക്കുറിച്ചും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചു അത്രമേല്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ഇന്ന് ഇന്ത്യയുടെ വിശിഷ്ടാതിഥിയായി എത്തുന്നു എന്നത് തന്നെ അത്ര സുഖകരമല്ലാത്ത രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്.
ക്രിസ്ത്യൻ സോഷ്യൽ പാർട്ടി വക്താവായ ബോല്‍സനാരോയുടെ രാഷ്ട്രീയ ചരിത്രം വംശവെറിയും, സ്ത്രീ വിരുദ്ധതയും മുറ്റിനില്‍ക്കുന്നത് മാത്രമാണ്. കടുത്ത ഏകാധിപത്യവാദവും തീര്‍ത്തും അപകടകരമായ രാഷ്ട്രീയ നിലപാടുകളും നീക്കങ്ങളും മാത്രം ആവനാഴിയില്‍ നിറച്ചാണ് മുൻ പട്ടാള ഉദ്യോഗസ്ഥനില്‍ നിന്നും ബ്രസീലിന്റെ ഭരണതലപ്പത്തേക്ക് ബോള്‍സെനാരോ എത്തിയത്. പട്ടാളത്തില്‍ തന്നെയുണ്ടായിരുന്ന മേലുദ്യോഗസ്ഥന്റെ വാക്കുകളില്‍ ‘വിവേകവും യുക്തിയും തൊട്ടുതീണ്ടാത്ത അത്യാര്‍ത്തിക്കാരന്‍ മാത്രമാണ്’ ബോല്‍സനാരോ.
ബോല്‍സനാരോ പട്ടാള വേഷമണിയുന്നത് 1973 -ൽ ആണ്. ഏതാണ്ട് പത്തു കൊല്ലത്തിന് ശേഷം സൈനികരുടെ കുറഞ്ഞ ശമ്പളത്തെ കുറ്റപ്പെടുത്തി ലേഖനമെഴുതിയതിന്റെ പേരില്‍ 15 ദിവസത്തേക്ക് തടവിലാക്കപ്പെടുന്നു. ജയിലില്‍ നിന്നിറങ്ങിയ ബോള്‍സെനാരോ കാലെടുത്തു വെക്കുന്നത് അധികാര രാഷ്ട്രീയത്തിലേക്കാണ്.
റിയോ ഡി ജെനീറോയെ പ്രതിനിധീകരിച്ചുകൊണ്ടു 1991 മുതല്‍ക്കാണ് ബോല്‍സനാരോയുടെ സജീവ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്, ഒപ്പം വിവാദങ്ങളും. മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ആയിരുന്ന ഫെര്‍ണാണ്ടോ ഹെന്റിക് കാര്‍ഡോസോ ഉൾപ്പടെ “അഴിമതിക്കാരായ” 30000 രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തണമെന്ന 1991 ലെ ആഹ്വാനമാണ് ബോല്‍സനാരോയുടെ വിവാദ ജീവിതത്തിന്റെ ആദ്യ അധ്യായങ്ങളിലൊന്ന്. തുടർന്ന് വെറുപ്പും നിന്ദയും നിറഞ്ഞ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതില്‍ ബോല്‍സനാരോ അഭിരമിച്ചുകൊണ്ടേയിരുന്നു.
‘ഞാന്‍ നിങ്ങളെ ബലാത്സംഗം ചെയ്യാതെ വിടുന്നത് നിങ്ങള്‍ അത് അര്‍ഹിക്കുന്നില്ല എന്നത് കൊണ്ട് മാത്രമാണ്’ എന്നാണ് 2003-ല്‍ ബോള്‍സെനാരോ ഒരു വനിതാ എം.പിയോട് പറഞ്ഞത്. സ്വന്തം മകന്‍ ഒരു സ്വവര്‍ഗാനുരാഗിയാകുന്നതിനേക്കാള്‍ അയാള്‍ കാറപകടത്തില്‍ കൊല്ലപ്പെടുന്നതാണ് നല്ലതെന്ന് പ്ലേ ബോയ് മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു വെച്ചു. ‘ആളുകളെ വെടിവെച്ചു കൊല്ലത്തൊരാള്‍ പൊലീസ് സര്‍വീസില്‍ നന്നല്ല’ എന്ന് പറഞ്ഞിട്ട് അധികം കാലമായില്ല.
റിയോ ഡി ജെനീറോയിൽ 2017 ഏപ്രിലിൽ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ ശ്രദ്ധിക്കാം: സാമൂഹികാനുകൂല്യങ്ങൾ പറ്റിയും സംവരണങ്ങൾ അനുഭവിച്ചും ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ ‘ഇത്തിക്കണ്ണികളാണെന്നും’ അടിമകളുടെ പിൻതലമുറക്കാരും കറുത്ത വർഗക്കാരും ‘പ്രജനനത്തിനു പോലും അർഹരല്ലാത്തവരാണെന്നും’ ആയിരുന്നു ജനക്കൂട്ടത്തോട് ബോല്‍സനാരോ വിളിച്ചു പറഞ്ഞത്.
എൻ.ജി.ഒകളും മറ്റു സാമൂഹിക പ്രസ്ഥാനങ്ങളും രാജ്യത്തിൻറെ സമ്പത്ത് കൊള്ളയടിക്കുകയാണെന്നും കുറ്റകൃത്യങ്ങൾ തടയാനുള്ള ഏകമാർഗം ജനസാമാന്യത്തിനാകെ തോക്കുകൾ വിതരണം ചെയ്യുകയാണെന്നും പ്രസ്താവിച്ചു. റെഡ് ഇന്ത്യൻസും കറുത്ത വർഗക്കാരും വെളുത്തവന്റെ പക്കൽ നിന്നും ഫലപൂഷ്ടമായ ഭൂമി പോലും തട്ടിയെടുക്കുകയാണെന്നും ബോള്‍സെനാരോ പറഞ്ഞുകൊണ്ടേയിരുന്നു. “മൃഗശാലയിലേക്കു തിരിച്ചു പോകേണ്ട”വരാണ് ബ്ലാക്ക് റൈറ്റ് ആക്ടിവിസ്റ്റുകൾ എന്നണ് മറ്റൊരിക്കൽ പറഞ്ഞത്.
നവ നാസി സംഘടനകളുമായും ബോല്‍സനാരോയുടെ ബന്ധം രഹസ്യമല്ല. പ്രത്യക്ഷ നാസി അനുഭാവി ആയിരുന്ന പ്രൊഫസർ മാക്രോ അന്റോണിയോ മനുഷ്യാവകാശ കമ്മീഷൻ തെളിവെടുപ്പിന് ഹിറ്റ്ലറുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അന്റോണിയോയെ പിന്തുണച്ചു കൊണ്ട് ബോല്‍സനാരോ രംഗത്തെത്തിയിരുന്നു. വംശ ശുദ്ധി നിലനിർത്താൻ കൃത്രിമ ബീജ സങ്കലനം നടത്തണമെന്നും ബ്രസീലിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു പ്രവർത്തനാനുമതി നല്കുന്നുണ്ടെങ്കിൽ നാസികളെയും അനുവദിക്കണമെന്നും വാദിച്ചിരുന്ന ‘സ്കിൻ ഹെഡ്’ ഗ്രൂപ്പുകളെയും ബോല്‍സനാരോ പിന്തുണച്ചു.
ബ്രസീൽ ആത്യന്തികമായി ഒരു ‘ക്രിസ്ത്യൻ രാജ്യം’ ആയിരിക്കെ മറ്റു മതസ്ഥരൊക്കെ, അവർ ‘യഥാർത്ഥ പൗരന്മാരല്ലാത്തതിനാൽ’ പൊതു മണ്ഡലങ്ങളിൽനിന്നും രാഷ്ട്രീയ ഇടങ്ങളിൽനിന്നും പിൻവലിയണമെന്നാണ് ബോള്‍സെനാരോയുടെ വാദം. ‘ദേശീയ വിശ്വാസത്തിന് എതിരായ’ ‘തീവ്രവാദികളായ’ ഇസ്‌ലാമിനെയും ആഫ്രിക്കൻ മതങ്ങളെയും നിരോധിക്കണെമന്നാണ് ബോള്‍സെനാരോ ആവശ്യപ്പെടുന്നത്. മധ്യേഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നും കുടിയേറിയവർ ബ്രസീലിന്റെ അഴുക്കുതുള്ളികൾ മാത്രമാണെന്നും സൈന്യം കൊണ്ടാണ് നേരിടേണ്ടതെന്നും ബോള്‍സെനാരോ വാദിക്കുന്നു.
പട്ടാള ഭരണത്തോടുള്ള പ്രേമമാണ് ബോള്‍സെനാരോയെ മിക്കപ്പോഴും ഭരിക്കുന്നത്. 1964 മുതൽ 1985 വരെ ബ്രസീലിലെ കിരാത പട്ടാള ഭരണത്തെ പിന്തുണയ്ക്കുന്നതിൽ എന്നും മുൻനിരയിലാണ് ബോള്‍സെനാരോ. 1964 -ലെ പട്ടാള അട്ടിമറിയെ ‘മഹത്തായ വിപ്ലവം’ എന്നാണ് ബോള്‍സെനാരോ വിശേഷിപ്പിക്കാറ് തന്നെ.
പട്ടാള ഭരണകാലത്തെ ക്രൂരനായ ഭരണാധികാരിയായിരുന്ന കാർലോസിനെ വാഴ്ത്തിപ്പാടാനും അദ്ദേഹം മടിക്കാറില്ല. കൊടിയ പീഡനങ്ങൾ ആയിരുന്നില്ല ‘കമ്മികളെ’ പൂർണമായി കൊന്നൊടുക്കാൻ കഴിയാതിരുന്നതാണ് പട്ടാള ഭരണത്തിന്റെ പരാജയമെന്നാണ് ബോള്‍സെനാരോയുടെ അഭിപ്രായം. പട്ടാള ഭരണകാലത്ത് രാജ്യത്തുനിന്നും അപ്രത്യക്ഷരായ ആളുകളെക്കുറിച്ച് അന്വേഷിച്ച ‘ട്രൂത് കമ്മീഷനെ’ പ്രതിപാദിച്ചുകൊണ്ടു ‘എല്ല് തിരഞ്ഞു പോകുന്നത് നായ്ക്കൾ ആണ്’ എന്നാണ് ബോള്‍സെനാരോ പറഞ്ഞത്.
കടുത്ത ജനാധിപത്യ വിരോധിയായ ബോല്‍സനാരോയുടെ വാദത്തിൽ വോട്ടിങ് സമ്പ്രദായങ്ങൾ കൊണ്ട് യാതൊരു മാറ്റവും നേടാനാവില്ല.
രണ്ടു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ വംശീയ വിദ്വേഷവും ഹോമോഫോബിയയും കൈവെള്ളയിലിട്ട് കളിച്ചുകൊണ്ട് ‘റാഡിക്കല്‍ കണ്‍സര്‍വേറ്റീവ്’ കുപ്പായമണിയാന്‍ ബോല്‍സെനാരോ കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരുന്നെങ്കിലും മുഖ്യധാരാ ബ്രസീലിയന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുവാന്‍ അന്ന് അയാള്‍ക്ക് സാധിച്ചിരുന്നില്ല. 2017 -ൽ ബ്രസീൽ ലോവർ ഹൗസ് സ്‌പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബോല്‍സെനാരോക്ക് ലഭിച്ചത് നാല് വോട്ടുകൾ മാത്രമാണ്.
എന്നാൽ വളരെ വേഗമാണ് സൗത്ത് അമേരിക്കൻ രാജ്യത്ത് രാഷ്ട്രീയം മാറി മറിഞ്ഞത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലികളും രാജ്യത്തെ പിടിച്ചുലച്ച പെട്രോബാസ് അഴിമതിയും സൃഷ്‌ടിച്ച ഭരണവിരുദ്ധ വികാരം മുതലെടുത്ത് രാജ്യത്തെ തകരുന്ന സാമ്പത്തിക വ്യവസ്ഥക്കും കുത്തഴിഞ്ഞ നിയമ സംവിധാനങ്ങൾക്കും രക്ഷകനെത്തുന്നുവെന്നു ജനങ്ങളെ ധരിപ്പിച്ചാണ് ബോല്‍സെനാരോ അധികാരത്തിലേറുന്നത്. ‘അഴിമതിയിൽ മുങ്ങി നിൽക്കുന്ന’ രാഷ്ട്രീയ നേതൃത്വങ്ങളെ ചെവിക്കു പിടിച്ചു പുറത്തേക്കെറിയാന്‍ ‘അഴിമതി മുകതനായ’ ബോല്‍സെനാരോ വിളിച്ചു പറഞ്ഞു.
കൃത്യമായ ഫാസിസം ആണ് ബ്രസീലിൽ പടർന്നു പിടിക്കുന്നത്. തൊപ്പിയും ബൂട്ടും അണിഞ്ഞ പട്ടാളക്കാരനാണ് ഇന്ന് ബ്രസീൽ. കടുത്ത അച്ചടക്ക മുറകളിലൂടെ സ്‌കൂളുകളെയൊക്കെ ഇതിനോടകം സൈനിക ബാരക്കുകൾ പോലെയാക്കി കഴിഞ്ഞു. ബ്രസീലിന്റെ ഏകാധിപത്യ ചരിത്രത്തിനു സാധുത നൽകാൻ പാഠപുസ്തകങ്ങൾ തിരുത്തിയെഴുതി തുടങ്ങി. ഭരണ തലപ്പത്തുള്ളവർ ധാർഷ്ട്യം മുഖമുദ്രയാക്കി കഴിഞ്ഞു. പാര്ലമെന്റിനും ജുഡിഷ്യറിക്കും പുല്ലുവിലപോലുമില്ലാതായി തുടങ്ങി. തെരുവ് പൊലീസ് മുതൽ പാരാ മിലിറ്ററി വരെ അക്രമത്തിന്റെ അപോസ്തലന്മാരായി കഴിഞ്ഞു.
ലോകത്തെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഒക്കെയും ‘ദേശീയ സ്വത്വത്തെ’ നശിപ്പിക്കുന്ന പ്രധാന ശത്രുക്കൾ കുടിയേറ്റക്കാരാണെങ്കിൽ, ബോൽസെനാരോയുടെ പട്ടിക അല്പം വലുതാണ്. അതിൽ സംവരണം അനുഭവിക്കുന്ന തദ്ദേശീയരും, കമ്മ്യൂണിസ്റ്റുകാരും, സ്വവര്ഗാനുരാഗികളുമാണ് ശത്രുക്കൾ.
ബോൽസെനാരോയുടെ അനുയായികൾക്ക് തങ്ങളുടെ കൂട്ടക്കാരല്ലാത്തവരെല്ലാം കമ്മ്യൂണിസ്റ്റുകാരും രാജ്യദ്രോഹികളും ആണ്. സാമ്പത്തിക അസമത്വങ്ങൾക്കും, തകരുന്ന ആരോഗ്യ മേഖലക്കും സമൂഹത്തിൽ കുത്തനെ ഉയരുന്ന അക്രമങ്ങൾക്കും അവർ ചെവികൊടുക്കില്ല. മറിച്ച് ‘മഹത്തായ സാംസ്കാരിക യുദ്ധത്തിലാണ്’ അവർ – ഫെമിനിസ്റ്റുകൾക്കെതിരെ, രാഷ്ട്രീയ ശരികൾക്കെതിരെ, എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങൾക്കെതിരെ, ക്രിസ്ത്യാനികളല്ലാത്തവർക്കെതിരെ, കുടിയേറ്റക്കാർക്കെതിരെ.