ബ്രസീലിയ: കൊവിഡിനെ വിജയകരമായി നേരിടുന്നതിന് ബ്രസീല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രസിഡന്റ് ബോള്‍സോനാരോ ആണെന്ന് പ്രമുഖ മെഡിക്കല്‍ ജേര്‍ണല്‍ ആയ ദ ലാന്‍സെറ്റ്.
ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അതിവേഗത്തില്‍ കൂടുന്ന സാഹചര്യത്തിലാണ് ബോള്‍സോനാരോക്കെതിരെ ആരോപണവുമായി ലാന്‍സെറ്റ് എത്തിയിരിക്കുന്നത്.
ലോക്ഡൗണിനോട് ബോള്‍സോനാ കാണിക്കുന്ന അവഗണന ബ്രസീലിലെ ആളുകള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടാവാന്‍ അത് കാരണമായെന്നും എഡിറ്റോറിയലില്‍ ലാന്‍സെറ്റ് പറയുന്നു.
വെള്ളിയാഴ്ച 10,222 പുതിയ കൊറോണ വൈറസ് കേസുകളും 751 അനുബന്ധ മരണങ്ങളും ബ്രസീലിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് സ്ഥിരീകരിച്ച ആകെ കേസുകള്‍ 145,328 ഉം മരണങ്ങള്‍ 9,897 ഉം ആയി.
പകര്‍ച്ചവ്യാധിയെ നേരിടുന്നത് സംബന്ധിച്ച അഭിപ്രായഭിന്നതയെ തുടര്‍ന്ന് ജനകീയനായിരുന്ന ആരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മണ്ടേട്ടയെ പുറത്താക്കിയതും നീതിന്യായ മന്ത്രി സെര്‍ജിയോ മൊറോയുടെ രാജിയും ബോള്‍സോനാരോയെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ആക്കിയിരുന്നു.
” വെല്ലുവിളി ആത്യന്തികമായി രാഷ്ട്രീയമാണ്, ബ്രസീലിയന്‍ സമൂഹത്തിന്റെ തുടര്‍ച്ചയായ ഇടപെടല്‍ ആവശ്യമുണ്ട്. ഒരു രാജ്യമെന്ന നിലയില്‍ ഒറ്റക്കെട്ടായി നിന്ന് ‘അതിന് എന്താണ്’ എന്ന പ്രസിഡന്റിന്റെ ചോദ്യത്തിനുള്ള ഉത്തരം നല്‍കണം. അദ്ദേഹത്തിന്റെ മനോഭാവം തീര്‍ച്ചയായും മാറേണ്ടതുണ്ട്,” ബ്രീട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പറയുന്നു.
കൊവിഡിനെ തുടര്‍ന്ന് ബ്രസീലില്‍ മരണം സംഖ്യയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടാകുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ” അതിന് ഇപ്പോള്‍ എന്താണ്, വിഷമമുണ്ട് പക്ഷേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ പറയുന്നത്,” എന്നായിരുന്നു ബോള്‍സോനാരോയുടെ പ്രതികരണം.
അതേസമയം ലാന്‍സെറ്റ് എഡിറ്റോറിയലിനെക്കുറിച്ച് പ്രതികരിക്കാന്‍ ബോള്‍സോനാരുടെ പ്രസ് ഓഫീസ് വിസ്സമതിച്ചു. ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാനുള്ള സമയമല്ല എന്നായിരുന്നു പ്രസ് ഓഫീസിന്റെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.