| Saturday, 2nd March 2019, 5:49 pm

പാകിസ്ഥാന്‍ വ്യോമ സേനയെ പരിഹസിച്ച് പ്രീതി സിന്റ; ജോക്കര്‍മാര്‍ക്ക് തമാശ പറയാനുള്ളതല്ല യുദ്ധമെന്ന് പാക് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്ഥാന്‍ പിടിയിലായ എയര്‍ഫോഴ്സ് വിങ് കമാണ്ടര്‍ അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണില്‍ തിരികെ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് പാക് വ്യോമ സേനയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് നടി പ്രീതി സിന്റയ്‌ക്കെതിരെ പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാസ് ചൗധരി. മനസിലാക്കാനാവാത്ത കാര്യങ്ങളില്‍ കൊണ്ട് ചെന്ന് തലയിടാതിരിക്കുക എന്നതാണ് ബോളിവുഡ് താരങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന നല്ല കാര്യമെന്ന് ഫവാസ് ചൗധരി പറഞ്ഞു.

അമേരിക്കന്‍ നിര്‍മിത എഫ് 16 വിമാനത്തെ 65 വര്‍ഷം പഴക്കമുള്ള റഷ്യയുടെ മിഗ് 21 വിമാനം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടിവച്ചു വീഴ്ത്തിയതിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ ജനങ്ങളെന്നും “പൈലറ്റ് പരിശീലനത്തെക്കുറിച്ചുള്ള ഒരു വലിയ പാഠമാണിതെന്നുമായിരുന്നു പ്രീതിയുടെ ട്വീറ്റ്.

Read Also : “അത്രയ്ക്ക് ആവേശമുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ പോയി നിങ്ങള്‍ തന്നെ യുദ്ധം ചെയ്‌തോ” യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടുന്നവരോട് ബുദ്ഗാമില്‍ കൊല്ലപ്പെട്ട പൈലറ്റിന്റെ ഭാര്യ

മികച്ച പൈലറ് ഉള്ള വിമാനം ഏതാണോ അതാണ് മികച്ച വിമാനമെന്നും പ്രീതി ട്വീറ്റ് ചെയ്തിരുന്നു. അഭിനന്ദന് ഇന്ത്യന്‍ മണ്ണിലേക്ക് സ്വാഗതമെന്നും അദ്ദേഹം യഥാര്‍ത്ഥ ഹീറോയാണെന്നും പ്രീതി പറഞ്ഞിരുന്നു.

എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാകാത്ത പലരുമാണ് ബോളിവുഡിലുള്ളതെന്നും അടിസ്ഥാന കാര്യങ്ങള്‍ പോലും മനസിലാക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിവില്ലെന്നുമായിരുന്നു പാക് മന്ത്രി തിരിച്ചടിച്ചത്. ഭാഗ്യം കൊണ്ട് മാത്രം പ്രശസ്തരായ ജോക്കര്‍മാര്‍ക്ക് തമാശ പറയാനുള്ള കാര്യമല്ല യുദ്ധം, അതിന്റെ ഭീകരതയെ കുറിച്ച് ചിന്തിക്കാന്‍ പോലും താരങ്ങള്‍ക്ക് കഴിവില്ലെന്നും ചൗധരി ട്വീറ്ററില്‍ കുറിച്ചു.

സിനിമാ കായിക രംഗത്തെ നിരവധി പേരാണ് കമാണ്ടര്‍ അഭിനന്ദന് ആശംസയുമായി രംഗത്തെത്തിയത്. വാഗാ അതിര്‍ത്തിയില്‍ വ്യോമസേനയുടെ പ്രത്യേക സംഘമാണ് അഭിനന്ദനെ സ്വീകരിച്ചത്. അഭിനന്ദന്റെ മാതാപിതാക്കളും ബന്ധുക്കളും അദ്ദേഹത്തെ സ്വീകരിക്കാനായി വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. പൊതു ജനങ്ങള്‍ക്ക് വാഗാ അതിര്‍ത്തിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും പുറത്ത് വന്‍ ജനസഞ്ചയമാണ് അഭിനന്ദന്‍ വര്‍ത്തമാനെ കാത്ത് എത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more