| Tuesday, 17th March 2020, 4:56 pm

കൊവിഡ് 19: ഷൂട്ടിംഗ് നിര്‍ത്തിവെച്ച സിനിമകളിലെ ദിവസ വേതനക്കാര്‍ക്ക് സഹായമെത്തിക്കാന്‍ ബോളിവുഡ്; പിന്തുണയുമായി അനുരാഗ് കശ്യപും സുധീര്‍ മിശ്രയുമടക്കമുള്ളവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഷൂട്ടിംഗ് അടക്കമുള്ള സിനിമാ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഇതുമൂലം പ്രതിസന്ധിയിലായ സിനിമാ സീരിയല്‍ മേഖലകളിലെ ദിവസ വേതനക്കാര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ബോളിവുഡിലെ താരങ്ങള്‍.

കൊവിഡ് പടരുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി സിനിമാ, സീരിയല്‍, വെബ്‌സീരീസ് തുടങ്ങിയവയുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡക്ഷന്‍സ് അസോസിയേഷന്‍ കത്ത് പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ്  സുധീര്‍ മിശ്രയടക്കമുള്ളവര്‍ രംഗത്തെത്തിയത്.

‘സിനിമാ മേഖലയിലെ നമ്മുടെ ജൂനിയര്‍ ടെക്‌നീഷ്യന്‍സ്, ലൈറ്റ്‌ബോയ്‌സ്, സെറ്റ് വര്‍ക്കേഴ്‌സ്, സൗണ്ട് അസിസ്റ്റന്റ്‌സ് തുടങ്ങിയ ദിവസ വേതനക്കാര്‍ക്കുവെണ്ടി നമുക്ക് ഫണ്ട് രൂപീകരിക്കേണ്ടേ?,’ എന്നായിരുന്നു സുധീര്‍ മിശ്ര ട്വിറ്ററില്‍ പറഞ്ഞത്.

സുധീര്‍ മിശ്രയുടെ ട്വീറ്റിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തി.

അനുരാഗ് കശ്യപ്, അനുഭവ് സിന്‍ഹ, ഹന്‍സാല്‍ മെഹ്ത, വിക്രമാദിത്യ മോട്‌വാനി തുടങ്ങിയ നിരവധി പേരാണ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്.

ലൈറ്റ് ആന്‍ഡ് സൗണ്ട്, ടെക്‌നീഷ്യന്‍സ്, സ്‌പോട്ട് ബോയ്‌സ്, സെറ്റ് വര്‍ക്കേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് ഷൂട്ടിംഗ് നിര്‍ത്തിവെച്ചതു വഴി തിരിച്ചടിയുണ്ടായത്.

മാര്‍ച്ച് 19 മുതല്‍ 31 വരെയാണ് ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഇത് ബോളിവുഡ് സിനിമാ മേഖലയ്ക്ക് 800 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം കേരളത്തിലും സിനിമാ-സീരിയല്‍ മേഖലകളിലെ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ മാര്‍ച്ച് 31 വരെയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. കേരളത്തിലെ സിനിമാ തീയറ്ററുകളും മാര്‍ച്ചു 31 വരെ അടച്ചിടും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more