| Monday, 4th May 2020, 6:39 pm

പൃഥ്വിയുടെ റോളില്‍ സാക്ഷാല്‍ സല്‍മാന്‍ ഖാന്‍ എത്തും?; തരംഗം തീര്‍ക്കാന്‍ ചിരഞ്ജീവിയുടെ ലൂസിഫര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സേ രാ നരസിംഹ റെഡ്ഡി എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ചിരഞ്ജീവി താന്‍ മലയാളത്തില്‍ വന്‍വിജയം നേടിയ ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ മുഖ്യവേഷത്തില്‍ എത്തുന്നു എന്ന് പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ പ്രഭാസ് അഭിനയിച്ച സഹോ എന്ന ചിത്രം സംവിധാനം ചെയ്ത സുജിത്താണ് തെലുങ്കില്‍ സംവിധാനം ചെയ്തതെന്നും പ്രഖ്യാപിച്ചു.

ഇപ്പോള്‍ ചിത്രത്തെ കുറിച്ച് വന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് എന്നത് സാക്ഷാല്‍ സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ ഒരു വേഷത്തിലെത്തുന്നു എന്നതാണ്. മലയാളത്തില്‍ പൃഥ്വിരാജ് അഭിനയിച്ച സയ്യിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുക എന്നതാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും പുറത്ത് വന്നിട്ടില്ല.

അല്ലു അര്‍ജുന്‍ സയ്യിദ് മസൂദായെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അല്ലു അര്‍ജുന്‍ ചിത്രത്തില്‍ ഉണ്ടാവില്ലെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ് പൃഥ്വിരാജും കൂട്ടരും. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.

മലയാളം ലൂസിഫറില്‍ മോഹന്‍ലാല്‍, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായികുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ബൈജു സന്തോഷ്, ഫാസില്‍, സച്ചിന്‍ ഖേദേകര്‍, ശിവജി ഗുരുവായൂര്‍, ബാല, ശിവദ തുടങ്ങിയ വന്‍ താരനിരയെക്കൂടാതെ പൃഥ്വിരാജും സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more