തന്റെ ജീവിതത്തിലെ ആദ്യത്തെ ഏണിങ്ങ് കേരളത്തില്‍ നിന്നായിരുന്നുവെന്ന് ബോളിവുഡ് സൂപ്പര്‍ താരം വിദ്യ ബാലന്‍. കേരളാ ടൂറിസത്തിന്റെ പരസ്യത്തിന്റ ഭാഗമായതിനാണ് തനിക്ക് ആദ്യമായി പ്രതിഫലം ലഭിച്ചതെന്നും 500 രൂപയാണ് അന്ന് കിട്ടിയതെന്നും താരം പറഞ്ഞു. കേര്‍ളി ടെയില്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യ ബാലന്‍.
‘അതൊരു 500 രൂപയായിരുന്നു. കേരളാ ടൂറിസത്തന്റെ ഭാഗമായുള്ള പരസ്യത്തിന്റെ ഭാഗമായിട്ടായിരുന്നു പൈസ കിട്ടിയത്. ജസ്റ്റ് ഒരു പ്രിന്റ് ക്യാമ്പയിനായിരുന്നു അത്.
ഒരു സൗത്ത് ഇന്ത്യന്‍ കുടുംബം ഉള്‍പ്പെടുന്ന ചിത്രമായിരുന്നു പരസ്യത്തിന് വേണ്ടി എടുത്തത്.
ടൂറിസം പ്രൊമോഷന്റെ ഭാഗമായി തെങ്ങുകള്‍ക്കിടയില്‍ നിന്നായിരുന്നു ആ ചിത്രം എടുത്തിരുന്നത്. അതിനെനിക്ക് 500 രൂപ ലഭിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. അന്ന് അത് വലിയ തുകയാണ്,’ വിദ്യ ബാലന്‍ പറഞ്ഞു.
കേരളവും ഹിമാചല്‍ പ്രദേശുമാണ് ഇന്ത്യയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെന്നും രാജ്യത്തിന് പുറത്താണെങ്കില്‍ അത് ജപ്പാനാണെന്നും വിദ്യ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വൃത്തിയുള്ള സ്ഥലങ്ങളിലൊന്ന് ജപ്പാന്‍ ആണെന്നും അവിടുത്തെ സ്ട്രീറ്റുകളില്‍ ഒരു പേപ്പര്‍ കഷ്ണം പോലും കാണാന്‍ കഴിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്. പോയ സ്ഥലങ്ങളൊക്കെ നടന്നുകൊണ്ട് എക്‌സ്‌പ്ലോര്‍ ചെയ്യണം എന്നാണ് ആഗ്രഹം. ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശ്, കേരളം എന്നിവയൊക്കെ എന്റെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളാണ്. കേരളം മനോഹരമാണ്. എന്നാല്‍ ഹിമാചലിനോടാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം.
ഇന്ത്യക്ക് പുറത്താണെങ്കില്‍ ജപ്പാനാണ് ഏറ്റവും ഇഷ്ടപ്പട്ട സ്ഥലം. ഞാന്‍ വെജിറ്റേറിയനാണ്. ജപ്പാനില്‍ പോയപ്പോള്‍ മാത്രമാണ് വെജിറ്റേറിയനായത് കൊണ്ട് എനിക്ക് ഈസിയായത്. ഭയങ്കര ലൈറ്റായിട്ടുള്ള ഭക്ഷണമാണ് ജപ്പാനിലേത്.
ലോകത്തിലെ തന്നെ ഏറ്റവും വൃത്തിയുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ജപ്പാന്‍. അവിടുത്തെ സ്ട്രീറ്റുകളില്‍ ഒരു പേപ്പര്‍ കഷ്ണം പോലും വേസ്റ്റായി കിടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പബ്ലിക്ക് പ്ലേസുകള്‍ അതിമനോഹരമാണ്. എനിക്കൊന്തോ വലിയ ഇഷ്ടമാണ് ജപ്പാന്‍,’ വിദ്യ പറഞ്ഞു.
Content Highlight: Bollywood star Vidya Balan said that her first income in her life was from Kerala