കൊല്‍ക്കത്ത: ബോളിവുഡ് ഗായകന്‍ കെ.കെ (കൃഷ്ണകുമാര്‍ കുന്നത്ത്) കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്ക് പിന്നാലെ കുഴഞ്ഞുവീണുമരിച്ചു. 53 വയസ്സായിരുന്നു.
കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. രാത്രി 10.30 ഓടെയാണ് ആശുപത്രിയില്‍ എത്തുന്നത്.
വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തൃശൂര്‍ വേരുകളുള്ള മലയാളി ദമ്പതികളായ സി.എസ്. നായരുടേയും കനകവല്ലിയുടേയും മകനായി ദല്‍ഹിയിലാണ് കൃഷ്ണകുമാര്‍ കുന്നത്ത് ജനിച്ചത്.
ദല്‍ഹിയിലെ മൗണ്ട് സെന്റ് മേരീസ് സ്‌കൂളിലാണ് പഠനം. 1999 ക്രിക്കറ്റ് വേള്‍ഡ് കപ്പിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചുകൊണ്ട് ഇറങ്ങിയ ‘ജോഷ് ഓഫ് ഇന്ത്യ’ എന്ന ഗാനം പാടിയതും കെ.കെയാണ്.
1990കളുടെ അവസാനത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ വലിയ ഹിറ്റായി മാറിയ പാല്‍, യാരോന്‍ തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചത് കെ.കെ ആണ്.
1999ലെ അദ്ദേഹത്തിന്റെ ആദ്യ ആല്‍ബം പാല്‍, നിരൂപക പ്രശംസ നേടിയിരുന്നു. 2000കളുടെ തുടക്കം മുതല്‍, അദ്ദേഹം പിന്നണി ഗാനരംഗത്ത് സജീവമായി. പിന്നാലെ ബോളിവുഡ് സിനിമകള്‍ക്കായി നിരവധി ജനപ്രിയ ഗാനങ്ങള്‍ പാടി.
CONTENT HIGHLOIGHTS: Bollywood singer KK (Krishnakumar Kunnath) collapsed and died during a concert in Kolkata