ഫോറന്‍സിക് മുതല്‍ സെല്‍ഫി വരെ; ബോക്‌സ് ഓഫീസില്‍ തകര്‍ന്ന ബോളിവുഡ് റീമേക്കുകള്‍
Film News
ഫോറന്‍സിക് മുതല്‍ സെല്‍ഫി വരെ; ബോക്‌സ് ഓഫീസില്‍ തകര്‍ന്ന ബോളിവുഡ് റീമേക്കുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th February 2023, 7:44 pm

അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സെല്‍ഫി പരാജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറിന് ആശ്വാസമാകുമെന്ന് കരുതിയ ചിത്രമാണ് റിലീസ് ചെയ്ത് മൂന്നാം ദിവസവും തിയേറ്ററില്‍ ഉഴറുന്നത്. 2019ല്‍ പുറത്ത് വന്ന പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ചിത്രമായ ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ വലിയ ഹിറ്റായിരുന്നു.

ഇതിന് മുമ്പും തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ വലിയ വിജയം നേടിയ ചിത്രങ്ങള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്ത് ബോക്‌സ് ഓഫീസ് ദുരന്തങ്ങളായിട്ടുണ്ട്. അത്തരം ചില ചിത്രങ്ങള്‍ പരിശോധിക്കാം.

സെല്‍ഫിക്ക് തൊട്ടുമുമ്പ് തെന്നിന്ത്യയില്‍ നിന്നും വന്ന റീമേക്ക് കാര്‍ത്തിക് ആര്യന്റെ ഷെഹ്‌സാദയാണ്. തെലുങ്ക് ചിത്രം അല വൈകുണ്ഡപുരമലോയുടെ റീമേക്കാണ് ഈ ചിത്രം. അല്ലു അര്‍ജുന്‍ നായകനായ ചിത്രം തെന്നിന്ത്യയില്‍ വമ്പന്‍ ഹിറ്റായിരുന്നു. പൂജ ഹെഗ്‌ഡേ, ജയറാം, തബു, മുരളി ശര്‍മ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 100 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 250 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു.

അതേസമയം ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തിയ കാര്‍ത്തിക് ആര്യന്റെ ഷെഹ്‌സാദ ബോക്‌സ് ഓഫീസില്‍ 30 കോടി തികക്കാന്‍ കഷ്ടപ്പെടുകയാണ്. 85 കോടി ബജറ്റിലാണ് ചിത്രത്തിന്റെ നിര്‍മാണം.

2022ലെ ബോളിവുഡ് പരാജയങ്ങളില്‍ ഒന്നായിരുന്നു ഷാഹിദ് കപൂറിന്റെ ജേഴ്‌സി. മൃണാള്‍ താക്കൂറായിരുന്നു ചിത്രത്തില്‍ നായിക. മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ഇതേ പേരില്‍ തന്നെ 2019ല്‍ പുറത്ത് വന്ന നാനിയുടെ ചിത്രത്തിന്റെ റീമേക്കായിരുന്നു ജേഴ്‌സി. മികച്ച പ്രേക്ഷകപ്രതികരണങ്ങള്‍ നേടിയ നാനിയുടെ ചിത്രം ബോക്‌സ് ഓഫീസിലും വിജയമായിരുന്നു.

റീമേക്ക് ചിത്രങ്ങളുടെ പരാജയത്തിന്റെ പേരില്‍ റെക്കോഡ് തന്നെയുള്ള താരമായിരിക്കും അക്ഷയ് കുമാര്‍. ജിഗര്‍ത്തണ്ടയുടെ റീമേക്കായ ബച്ചന്‍ പാണ്ഡേ, രാക്ഷസന്റെ റീമേക്കായ കട്ട്പുട്‌ലി എന്നിവ കഴിഞ്ഞ വര്‍ഷം മാത്രം അക്ഷയ് കുമാറിന്റെ റീമേക്ക് ചെയ്ത് പരാജപ്പെട്ട സിനിമകളാണ്.

തെന്നിന്ത്യയില്‍ വമ്പന്‍ ഹിറ്റായ ചിത്രമാണ് വിജയ് സേതുപതി, മാധവന്‍ എന്നിവര്‍ അഭിനയിച്ച വിക്രം വേദ. 2022ല്‍ ഇതും ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിരുന്നു. സേതുപതിയുടെ റോളില്‍ ഹൃത്വിക് റോഷനും മാധവന്റെ റോളില്‍ സെയ്ഫ് അലി ഖാനുമാണ് അഭിനയിച്ചത്. റീമേക്ക് ചിത്രം വലിയ പരാജയമായി.

2022ലെ തന്നെ മറ്റൊരു ബോക്‌സ് ഓഫീസ് ഫ്‌ളോപ്പായിരുന്നു നിക്കമ്മ. നാനി, സായ് പല്ലവി എന്നിവര്‍ അഭിനയിച്ച മിഡില്‍ ക്ലാസ് അബ്ബായിയുടെ റീമേക്കായിരുന്നു ഇത്. തെലുങ്കില്‍ ചിത്രം വന്‍ ഹിറ്റായിരുന്നു. മലയാളം ചിത്രം ഹെലന്റെ ഹിന്ദി റീമേക്കായിരുന്നു ജാന്‍വി കപൂര്‍ നായികയായ മിലി. മലയാളത്തില്‍ അന്ന ബെന്‍ നായികയായ ഈ സര്‍വൈവല്‍ ത്രില്ലര്‍ റീമേക്ക് ചെയ്തപ്പോള്‍ പരാജയപ്പെടുകയാണുണ്ടായത്.

ടൊവിനോ തോമസ്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഫോറന്‍സികും ഹിന്ദിയിലേക്ക് അതേ പേരില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഒ.ടി.ടിയില്‍ റിലീസ് ചെയ്തിട്ട് പോലും റീമേക്ക് ചെയ്ത ഫോറന്‍സിക്കിന് കാര്യമായ ഓഡിയന്‍സിനെ ഉണ്ടാക്കാനായില്ല.

Content Highlight: Bollywood remakes fail at the box office