| Monday, 29th January 2018, 10:41 pm

'ദയവു ചെയ്ത് പത്മാവത്‌നെ വെറുതെ വിടൂ'; ചിത്രത്തിനെതിരെ വിമര്‍ശനമുന്നയിച്ച സ്വര ഭാസ്‌കറിനെതിരെ ബോളിവുഡ് താരങ്ങള്‍ രംഗത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവത്‌നെതിരെ വിമര്‍ശനമുന്നയിച്ച ബോളിവുഡ് നടി സ്വര ഭാസ്‌കറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ആക്രമണമാണ് അരങ്ങേറിയത്. ഇപ്പോള്‍ നടിയുടെ പ്രസ്താവനയ്‌ക്കെതിരെ ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.

ആയുഷ്മാന്‍ ഖുറാന, ദിവ്യ ദത്ത, സംവിധായകരായ റോഹിത് ഷെട്ടി, ഇംതിയാസ് അലി, എന്നിവരാണ് നടിക്കെതിരെ രംഗത്തെത്തിയത്. ഏതൊരു സംവിധായകനും അവരവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അത് ബഹുമാനിക്കുകയും ചെയ്യണമെന്ന് താരങ്ങള്‍ പറഞ്ഞു.

ആ സിനിമയിലൂടെ ഒരു സ്റ്റോറി പറയാനാണ് അവര്‍ ശ്രമിച്ചത്. എല്ലാവര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുണ്ട്. സ്വരക്ക് അവരുടേതായ കാഴ്ചപ്പാടുണ്ട്. അത് ഞാന്‍ റെസ്‌പെക്ട് ചെയ്യുന്നു. പക്ഷേ എന്റെ വ്യൂ പോയന്റ് വ്യത്യസ്തമാണ്. ഞാന്‍ ആ ചിത്രം വളരെയധികം ആസ്വദിച്ചു. ആ സിനിമ എന്താണോ ആ അര്‍ത്ഥത്തില്‍ തന്നെ അതിനെ ഞാന്‍ ഉള്‍ക്കൊണ്ടുവെന്നും ദിവ്യ ദത്ത പറഞ്ഞു.

ഒരു മൂവി രണ്ട് കാര്യങ്ങളാണ് ചെയ്യുന്നത്. ഒന്നുകില്‍ അത് സമൂഹത്തിന് എന്തെങ്കിലും നല്‍കും. അല്ലെങ്കില്‍ സമൂഹത്തില്‍ നിന്നും എന്തെങ്കിലും സ്വീകരിക്കും. ഏതൊരു ഡയറക്ടര്‍ക്കും അ്‌വരുടേതായ കാഴ്ചപാടുകളുണ്ട്. കല ഒരിക്കലും ഒരു ഒബ്ജക്ടിവ് അല്ല, അത് എപ്പോഴും സബ്ജക്ടിവ് ആണെന്നായിരുന്നു ആയുഷ്മാന്‍ ഖുറാനയുടെ പ്രതികരണം.

പത്മാവവത്‌നെ വിജയകരമായി മുന്നേറാന്‍ അനുവദിക്കൂ എന്നായിരുന്നു ബോളിവുഡ് സംവിധായകന്‍ സുനില്‍ ഷെട്ടിയുടെ പ്രതികരണം. സിനിമയെക്കുറിച്ചുള്ള ഏതൊരു വാദപ്രതിവാദങ്ങളും അതിന്റെ ടീമിനെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് തള്ളിവിടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ആ ചിത്രത്തെ ഒന്നു ശ്വസിക്കാനനുവദിക്കൂ. ഞാന്‍ എന്തെങ്കിലും പറയും. അപ്പോള്‍ അതിന് മറുടിയായി മറ്റൊരാള്‍ വേറെന്തെങ്കിലും പറയും. ഇതിനകം തന്നെ വളരെ പ്രതിസന്ധി നേരിട്ടാണ് ഈ ചിത്രം നമ്മളിലേക്ക് എത്തിയത്. ഇനി പ്രേക്ഷകരെ സിനിമ കാണാനും വിലയിരുത്താനും അനുവദിക്കൂ എന്നും രോഹിത് ഷെട്ടി പറഞ്ഞു

സ്വര എഴുതിയ തുറന്ന കത്തായിരുന്നു വിമര്‍ശനത്തിനാധാരം. സതിയടക്കമുള്ള ദുരാചാരങ്ങളെ മഹത്വവല്‍ക്കരിക്കുന്നതെന്തിനെന്ന ചോദ്യവുമായാണ് സ്വര ബന്‍സാലിക്ക് തുറന്ന കത്ത് എഴുതിയത്. ചിത്രം കണ്ട താന്‍ ഒരു യോനിയായി ചുരുങ്ങി എന്നായിരുന്നു താരത്തിന്റെ പരാമര്‍ശം. യോനി എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരില്‍ സ്വരയ്ക്ക് നേരെ വലിയ വിമര്‍ശനമാണ് നേരത്തേ ഉയര്‍ന്നത്.

2440 വാക്കുകളുള്ള കത്തില്‍ യോനി എന്ന വാക്ക് മാത്രമാണ് വിമര്‍ശകര്‍ക്ക് ഓര്‍മ്മയുള്ളതെന്ന് സ്വര തിരിച്ചും പരിഹസിച്ചിരുന്നു. സ്ത്രീകള്‍ യോനി എന്ന് പറയുന്നത് അംഗീകരിക്കാന്‍ ആളുകള്‍ക്ക് കഴിയാത്തത് തമാശയാണെന്നും സ്വര പറയുകയുണ്ടായി.

We use cookies to give you the best possible experience. Learn more