മഴയുടെ വന്യതയില്‍ ഭയപ്പെടുത്തിയ ബോളിവുഡ് ചിത്രം വീണ്ടുമെത്തുന്നു
ഇന്ത്യന്‍ സിനിമയുടെ വിസ്മയമെന്ന് പലരും വാഴ്ത്തിയ ചിത്രമായിരുന്നു 2018ല്‍ പുറത്തിറങ്ങിയ തുമ്പാട്. മഴയുടെ വന്യതയോടൊപ്പം ഇന്ത്യന്‍ ഫാന്റസിയും ചേര്‍ത്ത് അവതരിപ്പിച്ച ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. മഴയുടെ യഥാര്‍ത്ഥ ഭംഗി ലഭിക്കാനായി അഞ്ച് വര്‍ഷത്തോളമെടുത്താണ് തുമ്പാട് ചിത്രീകരിച്ചത്.
ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ചെറുതും വലുതുമായ നിരവധി അവാര്‍ഡുകളും നേടിയിരുന്നു. ഇപ്പോഴിതാ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം തുമ്പാട് വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുകയാണ്. തുമ്പാടിന്റെ ആറാം വാര്‍ഷികം പ്രമാണിച്ചാണ് അണിയറപ്രവര്‍ത്തകര്‍ റീ റിലീസിന് തീരുമാനിച്ചത്. ഓഗസ്റ്റ് 30നാണ് ചിത്രം റീ റിലീസ് ചെയ്യുക.
1900 കാലഘട്ടത്തില്‍ മഹാരാഷ്ട്രയിലെ തുമ്പാട് എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. വലിയ സ്റ്റാര്‍ കാസ്റ്റ് ഒന്നുമില്ലാതെ വന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. എന്നാല്‍ ചിത്രീകരണത്തിന്റെ സമയത്ത് നിരവധി ബുദ്ധിമുട്ടുകള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നു. സാമ്പത്തിക പ്രതിസന്ധി കാരണം, ഒരുവേള സിനിമ ഉപേക്ഷിക്കേണ്ടി വന്നിരുന്നുവെന്ന് നിര്‍മാതാവ് സോഹം ഷാ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ആദ്യം റിലീസ് ചെയ്ത സമയത്ത് തുമ്പാട് ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിക്കാത്തവര്‍ക്ക് ഒന്നുകൂടി ആ വിഷ്വല്‍ മാജിക് അനുഭവിക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം റീ റിലീസ് ചെയ്യുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് തുമ്പാട്. ലൈല മജ്‌നു, റോക്ക്‌സ്റ്റാര്‍ എന്നിവയാണ് റീ റിലീസ് ചെയ്ത മറ്റ് ചിത്രങ്ങള്‍.
പി.വി.ആറിന് കീഴിലുള്ള സ്‌ക്രീനുകളില്‍ മാത്രമായിരുന്നു റോക്ക്‌സ്റ്റാര്‍ റീ റിലീസ് ചെയ്തത്. ആദ്യം വെറും 75 സ്‌ക്രീനില്‍ മാത്രം റിലീസ് ചെയ്ത റോക്ക്‌സ്റ്റാര്‍ പിന്നീട് 400 സ്‌ക്രീനുകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. 7.75 കോടിയാണ് റോക്ക്‌സ്റ്റാര്‍ റീ റിലീസില്‍ നേടിയത്. തുമ്പാടും വീണ്ടും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Bollywood movie Tumbbad going to re release