|

ക്രിഞ്ചിന് പോലും നാണക്കേടാണല്ലോ ഈ സിനിമ, ട്രോളന്മാരാല്‍ കീറിമുറിക്കപ്പെട്ട് നെപ്പോ കിഡുകളുടെ നദാനിയാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘നീ ഹോട്ടാണ്, ഗ്ലോബല്‍ വാമിങ്ങിന് പോലും നിന്റെയീ ഹോട്‌നെസ് കാരണമാണെന്ന് തോന്നുന്നു’ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ മത്സരിച്ച് കീറിമുറിക്കുന്ന ഡയലോഗാണിത്. നവാഗതയായ ഷൗന ഗൗതം സംവിധാനം ചെയ്ത് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായ നദാനിയാന്‍ എന്ന ചിത്രത്തിലെ ഡയലോഗാണ് മുകളില്‍ പറഞ്ഞത്.

സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍, ജാന്‍വി കപൂറിന്റെ സഹോദരി ഖുശി കപൂര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ റോം കോം ചിത്രത്തിന് എല്ലായിടത്തും മോശം പ്രതികരണമാണ് ലഭിക്കുന്നത്. റൊമാന്റിക് കോമഡി ഴോണര്‍ എന്ന ലേബലില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഒരു കോമഡി പോലും ചിരിപ്പിക്കുന്നില്ലെന്നും യാതൊരു ഇമോഷണല്‍ കണക്ഷനും തോന്നാത്ത റൊമാന്‍സാണെന്നും വിമര്‍ശനമുണ്ട്.

ഗൂഗിളില്‍ ഒരു സിനിമക്ക് ഇടാവുന്നതില്‍ വെച്ച് ഏറ്റവും കുറവ് റേറ്റിങ് അര സ്റ്റാര്‍ ആണെന്നിരിക്കെ അതിലും കുറഞ്ഞ റേറ്റിങ് ഉണ്ടോ എന്നും പലരും അന്വേഷിക്കുന്ന ട്രോള്‍ വീഡിയോയും കാണാന്‍ സാധിക്കുന്നുണ്ട്. ഈ വര്‍ഷം ഇതിലും മോശം ചിത്രം പുറത്തിറങ്ങാന്‍ സാധ്യതയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും ദുരന്തം സിനിമ എന്നും ചിലര്‍ റിവ്യൂവില്‍ നദാനിയാനെപ്പറ്റി അഭിപ്രായപ്പെടുന്നുണ്ട്. അര്‍ജുന്‍ മെഹ്ത, പിയ ജയ് സിങ് എന്നീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിന്റെ വികലമായ അനുകരണമാണ് നദാനിയനെന്നും ചിലര്‍ റിവ്യൂവില്‍ പറയുന്നുണ്ട്.

ബോളിവുഡിലേക്ക് ഒരുപാട് സ്റ്റാര്‍ കിഡ്‌സിനെ പരിചയപ്പെടുത്തിക്കൊടുത്ത കരണ്‍ ജോഹര്‍ തന്നെയാണ് നദാനിയന്റെ നിര്‍മാണം. ബോളിവുഡിന്റെ തകര്‍ച്ചക്ക് നെപ്പോട്ടിസവും ഒരു കാരണമാണെന്ന് പലരും പറയുന്ന സമയത്താണ് കരണ്‍ ജോഹര്‍ ഇത്തരത്തില്‍ നെപ്പോ കിഡുകളെ പരിചയപ്പെടുത്തുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ബോളിവുഡ് താരം സുഷാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ശേഷമാണ് ബോളിവുഡില്‍ നെപ്പോട്ടിസത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നത്. അര്‍ജുന്‍ കപൂര്‍, ടൈഗര്‍ ഷറോഫ്, അനന്യ പാണ്ഡേ തുടങ്ങിയ നെപ്പോകിഡ്ഡുകള്‍ക്കെതിരെയും അവരെ പ്രൊമോട്ട് ചെയ്യുന്ന കരണ്‍ ജോഹറിനെതിരെയും വ്യാപകമായി സൈബര്‍ അറ്റാക്ക് ഇപ്പോഴും നടക്കുന്നുണ്ട്. ആ ലിസ്റ്റിലാണ് ഇപ്പോള്‍ ഇബ്രാഹിം അലി ഖാനും ഖുശി കപൂറും ഇടംപിടിച്ചത്.

Content Highlight: Bollywood movie Nadaniyaan getting extreme criticism in social media