|

ബാബുവിന്റെ ജീവിതം സിനിമയാക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ല, ബോളിവുഡ് സിനിമയെന്ന സ്വപ്നത്തിന് പിറകെയാണ്; ട്രോളുകള്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ആളാണ് സംവിധായകന്‍ ഒമര്‍ ലുലു. തനിക്കെതിരെയുള്ള എല്ലാ ട്രോളുകള്‍ക്കും ട്രോളികൊണ്ട് തന്നെ മറുപടി പറയുന്നയാളുകൂടെയാണ് ഒമര്‍ ലുലു.

തന്നെ ടാഗ് ചെയ്തിടുന്ന എല്ലാ കമന്റുകള്‍ക്കും ഒമര്‍ ലുലു മറുപടി പറയാറുമുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മല കയറി കടുങ്ങിപ്പോയ ബാബു ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. ബാബുവിന്റെ കഥ സിനിമയാക്കാന്‍ പോകുന്നുവെന്ന തരത്തില്‍ പല കഥകളും ഇതിനോടകം തന്നെ പ്രചരിച്ചിരുന്നു.

അക്കൂട്ടത്തിലൊന്നാണ് ബാബുവിന്റെ കഥ ഒമര്‍ ലുലു സിനിമയാക്കാന്‍ പോകുന്നുവെന്ന തരത്തിലുള്ള ട്രോള്‍. ഒമര്‍ ലുലു മാത്രമല്ല ട്രോളിലുള്ളത് സിനിമയിലെ നായകനായി പ്രണവ് മോഹന്‍ലാലിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആളുകള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ട്രോളിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു. തനിക്കെതിരെ വന്ന ട്രോള്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇങ്ങനെ ഒരു ട്രോള്‍ പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇപ്പോ പവര്‍സ്റ്റാര്‍ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ്. ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ല. ബാബുവിന് എല്ലാവിധ നന്മകള്‍ നേരുന്നു,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റിടുന്നത്. ‘ഹോ ഇക്ക ഇത് പറഞ്ഞില്ലെ നാളെ തന്നെ ഈ സിനിമയുടെ ഷൂട്ട് തുടങ്ങും എന്നൊരു തെറ്റിദ്ധാരണ ഈ സമൂഹത്തില്‍ മുളച്ച് വന്നേനെ അത് മുളയിലെ നുള്ളിയ ഒമര്‍ ഇക്കാക്ക് അഭിവാദ്യങ്ങള്‍,” എന്നും ‘അല്ലാ.. മണ്ടനായിട്ട് നിങ്ങള്‍ അഭിനയിക്കുന്നതല്ല. തെറ്റിദ്ധരിച്ചു, ആത്മാര്‍ഥമായിട്ട് താന്‍ അതാണ്,’ എന്നും ‘ഇക്ക നിങ്ങള്‍ എടുക്കണം ഈ പടം, മല ഗോവയില്‍ ആക്കാം ഗോവയില്‍ പോയ ബാബു മലയില്‍ കുടുങ്ങുന്നത് സ്റ്റോറി, പൊളിക്കും,’ എന്നുമൊക്കെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.

ഒമര്‍ ലുലുവിന്റെ പുതിയ സിനിമക്ക് ആശംസകള്‍ നേര്‍ന്നും ആരാധകര്‍ എത്തുന്നുണ്ട്.

ബാബു ആന്റണി നായകന്‍ ആകുന്ന പവര്‍സ്റ്റാറില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍, റോബര്‍ട്ട് പര്‍ഹാം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

തൊണ്ണൂറുകളിലെ ബാബു ആന്റണിയെ അനുസ്മരിപ്പിക്കും വിധമുള്ള നീണ്ട മുടിയും കാതില്‍ കമ്മലും ഇട്ടുള്ള ലുക്കായിരിക്കും കഥാപാത്രത്തിന്റെതെന്ന് നേരത്തെ സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞിരുന്നു.

ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കന്നഡ യുവ താരം ശ്രേയസ് കെ മഞ്ജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

സൗത്ത് ഇന്ത്യയിലെ കൊക്കൈന്‍ അധോലോകമാണ് ചിത്രത്തിന്റെ പ്രമേയം. നായികയോ പാട്ടുകളോ ഇല്ലാതെ വരുന്ന ആദ്യ ഒമര്‍ ലുലു ചിത്രം ആയിരിക്കും ‘പവര്‍സ്റ്റാര്‍’. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍ തീരുമാനിച്ചിരിക്കുന്നത്.


Content Highlights: Bollywood is behind the dream of cinema; Omar Lulu responds to trolls