| Monday, 12th October 2020, 5:20 pm

'ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനം'; റിപ്പബ്ലിക് ടിവിയുള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ പരാതിയുമായി ഷാരൂഖും ആമിറും അടക്കമുള്ള ബോളിവുഡ് താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനം’ നടത്തുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ പരാതിയുമായി ബോളിവുഡ് താരങ്ങളും സംവിധായകരും.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് ശേഷം ബോളിവുഡിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച പശ്ചാത്തലത്തിലാണ് പരാതിയുമായി ബോളിവുഡ് സംവിധായകരടക്കമുള്ളവര്‍ രംഗത്തെത്തിയത്. ഇതു സംബന്ധിച്ച ഹരജി ദല്‍ഹി ഹൈക്കോതിയില്‍ സമര്‍പ്പിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

കരണ്‍ ജോഹര്‍, യാഷ് രാജ്, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ നിര്‍മ്മാണ കമ്പനികളും ബോളിവുഡിലെ 34 നിര്‍മ്മാതാക്കളും ചേര്‍ന്നാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ടിവി ഉടമസ്ഥന്‍ അര്‍ണബ് ഗോസ്വാമി, ടൈംസ് നൗവിലെ രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഹരജി നല്‍കിയിരിക്കുന്നത്.

ബോളിവുഡ് സംവിധായകര്‍ക്കും താരങ്ങള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ നടത്തുന്ന മാധ്യമ വിചാരണകള്‍ ഇത്തരം ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്നുവെന്നും ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

നേരത്തെ ടി.ആര്‍.പി റേറ്റിങ്ങില്‍ തട്ടിപ്പ് നടത്തിയ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയുള്‍പ്പെടെയുള്ള ചാനലുകള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.

ബിഗ് ബോസ് 14 ന്റെ വീക്കെന്‍ഡ് എപ്പിസോഡില്‍ മത്സരാര്‍ത്ഥികളോട് സംസാരിക്കവേയായിരുന്നു സല്‍മാന്‍ ടി.ആര്‍.പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച ചാനലുകള്‍ക്കെതിരെ രംഗത്തെത്തിയത്. ഇപ്പോള്‍ ചെയ്യുന്ന കാര്യം അവര്‍ ഇനിയും തുടരുകയാണെങ്കില്‍ ചാനലുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. റിപബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തത്.

ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപബ്ലിക് ടിവി കാണാന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപബ്ലിക് ടിവി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ മനസിലായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Bollywood Files Complaint Aganist Repuplic TV

We use cookies to give you the best possible experience. Learn more