| Thursday, 31st January 2019, 6:43 pm

'ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ കാണിച്ചു തരൂ', പോത്തേട്ടന്‍ ബ്രില്യന്‍സിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: പോത്തേട്ടന്‍ ബ്രില്യന്‍സിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകര്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത “തൊണ്ടിമുതലും ദൃക്‌സാക്ഷിയും” എന്ന ചിത്രത്തെയാണ് “തുമാരി സുലു”വിന്റെ സംവിധായകന്‍ സുരേഷ് ത്രിവേണിയും ബിജോയ് നമ്പ്യാരും പ്രശംസിച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. ചിത്രത്തെ പ്രശംസിച്ചു കൊണ്ടുള്ള സുരേഷ് ത്രിവേണിയുടെ ട്വീറ്റ് ഇങ്ങനെയാണ്,

“ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ എന്നെ കാണിക്കൂ. ഓരോ തവണ കാണുമ്പോഴും എന്തെങ്കിലുമൊരു പുതിയ സംഗതി ഞാന്‍ ഇതില്‍ കണ്ടെത്തും. ശരാശരി നിലവാരം ആഘോഷിക്കപ്പെടുന്ന കാലത്ത്, ഇത്തരം ചിത്രങ്ങള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ഒരു അളവുകോലിനെക്കുറിച്ച് നിങ്ങളെത്തന്നെ അവ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു”.


പിന്നാലെ ബിജോയ് നമ്പ്യാര്‍, സ്വന്തം അഭിപ്രായം കൂടി ചേര്‍ത്ത് ഇത് റീട്വീറ്റ് ചെയ്തു. “അതിഗംഭീര സിനിമയാണ് ഇത്, ഒരുപാട് പഠിക്കാനുണ്ട് സിനിമയില്‍നിന്നുംട, എന്നായിരുന്നു ബിജേയുടെ ട്വീറ്റ്.

ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌കരന്‍ ടീമിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന സിനിമയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മഹേഷിന്റെ പ്രതികാരം എന്നീ രണ്ട് ദിലീഷ് പോത്തന്‍ ചിത്രങ്ങളിലെ പോത്തേട്ടന്‍സ് ബ്രില്ല്യന്റ്‌സ് ഇന്നും ചര്‍ച്ചയാണ്.


ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും നിമിഷാ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ തിരക്കഥ സജീവ് പാഴൂരിന്റേതാണ്. മികച്ച തിരക്കഥക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് അലന്‍സിയര്‍ സംസ്ഥാന പുരസ്‌കാരവും ഫഹദ് ഫാസില്‍ ദേശീയ പുരസ്‌കാരവും നേടിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more