| Wednesday, 28th February 2024, 7:45 pm

'ഔട്ട്‌സ്റ്റാന്‍ഡിങ്' ഭ്രമയുഗം ബോളിവുഡിനെയും ഭ്രമിപ്പിച്ചു; ചിത്രത്തെ കുറിച്ചുള്ള പോസ്റ്റുമായി ബോളിവുഡ് സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ സിനിമകള്‍ കൊണ്ട് ലോകത്താകമാനം ശ്രദ്ധനേടാന്‍ മലയാള സിനിമക്ക് കഴിയാറുണ്ട്. മലയാളത്തില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാകുന്ന താരമാണ് മമ്മൂട്ടി. അഭിനയിക്കുന്ന പരീക്ഷണ ചിത്രങ്ങളിലൂടെ ഏറെ പ്രശംസ നേടാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

അദ്ദേഹത്തിന്റേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ഈ മാസമായിരുന്നു റിലീസായത്. പല കോണില്‍ നിന്നുമുള്ള മികച്ച പ്രതികരണമാണ് ഭ്രമയുഗം നേടുന്നത്.

ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിക്രമാദിത്യ മോട്‌വാനെ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഭ്രമയുഗത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച താരം ഔട്ട്‌സ്റ്റാന്‍ഡിങ് എന്ന ക്യാപ്ഷനാണ് നല്‍കിയത്.

ഒപ്പം ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവനെ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഉദാന്‍, ലൂട്ടേര, ട്രാപ്പ്ഡ്, ഭാവേഷ് ജോഷി സൂപ്പര്‍ഹീറോ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിക്രമാദിത്യ മോട്‌വാനെ.

ഈയിടെ ഭ്രമയുഗത്തെ കുറിച്ച് മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റുകളും വലിയ ചര്‍ച്ചയായിരുന്നു.

‘ഞാന്‍ സാറിന്റെ ഡൈ ഹാര്‍ട്ട് ഫാനാണ്’ എന്ന ഒരു കമന്റും അതിന് പുറമെ ‘വൗ മൈന്‍ഡ് ബ്ലോയിങ്’ എന്ന മറ്റൊരു കമന്റുമാണ് സംവിധായകനും തിരക്കഥാകൃത്തുമായ സെല്‍വരാഘവന്‍ കുറിച്ചത്.

ഭ്രമയുഗത്തില്‍ മമ്മൂട്ടിക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു. രാഹുലിന്റെ അടുത്ത സിനിമ വരുന്നുവെന്ന പ്രഖ്യാപനം വന്നത് മുതല്‍ തന്നെ സിനിമാ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു.

Content Highlight: Bollywood Director Vikramaditya Motwane Praise Bramayugam Movie

We use cookies to give you the best possible experience. Learn more