| Saturday, 17th September 2022, 11:47 pm

മാതൃഭാഷ പോലെ ഹിന്ദി സംസാരിക്കുന്ന നടന്‍; ദുല്‍ഖര്‍ എനിക്ക് ലഭിച്ച ഭാഗ്യം: ബോളിവുഡ് സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുപ് എന്ന ബോളിവുഡ് ചിത്രത്തിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍ എങ്ങനെയെത്തിയെന്ന് പറയുകയാണ് സംവിധായകന്‍ ആര്‍. ബാല്‍കി. ദുല്‍ഖറിനെ എന്തുകൊണ്ടാണ് ചിത്രത്തിലേക്ക് തെരഞ്ഞെടുത്തതെന്ന് ഒരു ബോളിവുഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ അതിപ്രഗത്ഭനായ നടനാണെന്നും അദ്ദേഹത്തെ കിട്ടിയത് തന്റെ ഭാഗ്യമാണെന്നുമാണ് ബാല്‍കി പറയുന്നത്. ദുല്‍ഖറിന് വേണ്ടി വര്‍ക്ക്‌ഷോപ്പോ റീഡിങ്ങോ നടത്തേണ്ടി വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചുപ്പിന് വേണ്ടി അതിപ്രഗത്ഭനായ, സ്വന്തം മാതൃഭാഷയെന്ന പോലെ ഹിന്ദി സംസാരിക്കുന്ന ഒരാളെ എനിക്ക് കിട്ടി. അത് ശരിക്കും വലിയൊരു ഭാഗ്യമാണ്. രാജ്യത്തിന്റെ ഒരു പകുതിക്ക് സൂപ്പര്‍സ്റ്റാറായ ഒരു നടന്‍ മറ്റേ പകുതിക്ക് മുന്നില്‍ പുതുമയോടെ അവതരിപ്പിക്കപ്പെടുകയാണ്. ഈ പകുതിയെ സംബന്ധിച്ചിടത്തോളം വലിയൊരു കണ്ടെത്തലായിരിക്കും അത്.

ഹിന്ദി സിനിമക്ക് അധികം പരിചിതമല്ലാത്ത, എന്നാല്‍ മുതിര്‍ന്ന അഭിനേതാവിനെ പോലെ പാകപ്പെട്ട, ഒരു പുതുമഖത്തെ എനിക്ക് വേണമായിരുന്നു. അങ്ങനെയാണ് ഞാന്‍ ദുല്‍ഖറിനെ കണ്ടെത്തുന്നത്.

ലോക്ഡൗണ്‍ സമയത്ത് ഒരു സൂം മീറ്റിങ്ങിലൂടെയാണ് ഞാന്‍ ദുല്‍ഖറിനോട് കഥ പറയുന്നത്. അതേ ഉണ്ടായുള്ളു. പിന്നീടൊരിക്കല്‍ കൊച്ചിയില്‍ വെച്ച് കണ്ടു. അതും വെറും 30 മിനിറ്റ് മാത്രം നീണ്ട മീറ്റിങ്. പിന്നീട് നേരിട്ട് സെറ്റിലേക്കാണ് ദുല്‍ഖര്‍ വരുന്നത്. ദുല്‍ഖറിന് വേണ്ടി ഒരു വര്‍ക്ക്‌ഷോപ്പോ റീഡിങ്ങോ നടത്തേണ്ടി വന്നിട്ടില്ല,’ ബാല്‍കി പറയുന്നു.

അതേസമയം വ്യത്യസ്തമായ ഒരു പ്രൊമോഷന്‍ രീതിക്ക് കൂടി തുടക്കം കുറിച്ചിരിക്കുകയാണ് ചുപ്.
സിനിമകളുടെ റിലീസിന് മുന്‍പ് പ്രിവ്യു ഷോകള്‍ നടക്കാറുണ്ട്. സിനിമാ മേഖലയിലെ പ്രമുഖരെയും നിരൂപകരെയുമാണ് സാധാരണ ഈ ഷോകളിലേക്ക് ക്ഷണിക്കാറുള്ളത്. എന്നാല്‍ ഈ രീതിക്കാണ് ചുപ് മാറ്റം കുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സാധാരണ പ്രേക്ഷകര്‍ക്ക് വേണ്ടി സൗജന്യമായി പ്രിവ്യു ഷോ നടത്താനാണ് ചുപ് ടീമിന്റെ തീരുമാനം.
ബാല്‍കി തന്നെയാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ ഒരു വീഡിയോയിലൂടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചത്.

വളരെ സ്പെഷ്യലായ ഒരു പ്രിവ്യുവിലേക്ക് നിങ്ങളെ ഞാന്‍ ക്ഷണിക്കുകയാണ്. റിലീസിന് മൂന്ന് ദിവസം മുന്‍പ് സെപ്റ്റംബര്‍ 20ന് ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളില്‍ ചുപ്പിന്റെ പ്രിവ്യു ഷോ ഞങ്ങള്‍ നടത്തുന്നുണ്ട്. ഇതൊരു ഫ്രീ പ്രിവ്യു ആയിരിക്കും.

പ്രേക്ഷകര്‍ക്ക് മുന്‍പ് സിനിമാ പ്രവര്‍ത്തകരും നിരൂപകരുമാണ് സിനിമ കാണാറുള്ളത്. അതാണ് പരമ്പരാഗത രീതി. എന്നാല്‍ ചരിത്രത്തിലാദ്യമായി സിനിമ കാണാനുള്ള ആദ്യ അവസരം ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കുകയാണ്. മറ്റാരെക്കാളും മുന്‍പ് സിനിമ കാണാന്‍ പ്രേക്ഷകര്‍ക്ക് കഴിയും.

മറ്റാരുടെ അഭിപ്രായത്തേക്കാള്‍ മുന്‍പ് പ്രേക്ഷകരുടെ അഭിപ്രായമാണ് അറിയേണ്ടതെന്നും ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട് ബുക്ക് മൈ ഷോയില്‍ ചെന്ന് എത്രയും വേഗം സീറ്റ് ബുക്ക് ചെയ്യൂ. എന്നിട്ട് നിങ്ങള്‍ പറയു, ചുപ് എങ്ങനെയുണ്ടെന്ന്. അതറിയാനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്,’ ബാല്‍ക്കിയുടെ വീഡിയോയില്‍ പറയുന്നു.

സെപ്റ്റംബര്‍ 23നാണ് ചുപ് റിലീസ് ചെയ്യുന്നത്. അന്തരിച്ച നടനും സംവിധായകനുമായ ഗുരു ദത്തിനുള്ള ആദരമായാണ് ചുപ് ഒരുങ്ങുന്നത്. ദുല്‍ഖറിനൊപ്പം സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Bollywood Director R Balki praises Dulquer Salman

We use cookies to give you the best possible experience. Learn more