| Thursday, 29th July 2021, 2:30 pm

അനുരാഗ് കശ്യപ് നിര്‍മ്മിച്ച മലയാള ചിത്രം പക ടൊറന്റോ ഫിലിം ഫെസ്റ്റിവലിലേക്ക്; പറയുന്നത് വയനാട്ടിലെ 'ചോരപ്പുഴ'യുടെ കഥ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ അനുരാഗ് കശ്യപ് നിര്‍മ്മിച്ച മലയാള ചിത്രം പക (River of Blood) ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. നവാഗതനായ നിതിന്‍ ലൂക്കോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നാല്‍പ്പത്താറാമത് ടൊറന്റോ ഫെസ്റ്റിവലിലെ ഡിസ്‌കവറി വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വേള്‍ഡ് പ്രീമിയറാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മൂത്തോന്‍, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊറന്റോയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് പക.

വയനാടിന്റെ കുടിയേറ്റ ചരിത്രവും, കാലങ്ങള്‍ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. വയനാട്ടില്‍ തന്നെയാണ് ചിത്രീകരണവും നടത്തിയത്. തന്റെ ജന്മസ്ഥലമായ വയനാടിന്റെ ചരിത്രം ഉറങ്ങുന്ന ഒരു സ്വപ്നമായിരുന്നു എന്ന് നിതിന്‍ ലൂക്കോസ് പറയുന്നു.

രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെയും അതിനെ മറികടക്കാന്‍ ശ്രമിക്കുന്ന രണ്ട് കമിതാക്കളുടെയും കഥയാണ് ചിത്രം പറയുന്നതെന്ന് നിതിന്‍ പറയുന്നു. ചിത്രത്തിലെ 90 ശതമാനം പേരും അഭിനേതാക്കളല്ലെന്നും സാധാരണക്കാരെ കണ്ടെത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍വ്വ വിദ്യാര്‍ത്ഥിയും, സൗണ്ട് ഡിസൈനറുമാണ് പകയുടെ സംവിധായകന്‍ നിതിന്‍ ലൂക്കോസ്. ഹോളിവുഡ് ചിത്രങ്ങളിലടക്കം 25ലെറെ ചിത്രങ്ങളില്‍ നിതിന്‍ ലൂക്കോസ് ശബ്ദ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പ്രശസ്ത കന്നട ചിത്രമായ തിതിയുടെ ശബ്ദ സംവിധാനത്തിന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

അനുരാഗ് കശ്യപിനൊപ്പം രാജ് രചകൊണ്ടയും ചേര്‍ന്നാണ് പക നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തുവാണ്. സംഗീത സംവിധാനം ഫൈസല്‍ അഹമ്മദ്.

ബേസില്‍ പൗലോസ്, നിതിന്‍ ജോര്‍ജ്, വിനീതാ കോശി, അഭിലാഷ് നായര്‍, ജോസ് കിഴക്കന്‍, അതുല്‍ ജോണ്‍, മറിയക്കുട്ടി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Bollywood director Anurag Kashyap produced Malayalam movie Paka selected in Toranto Film Festival

We use cookies to give you the best possible experience. Learn more