മുംബൈ: യുവഗായിക നഹീദ് അഫ്രിനെതിരെ ഫത്‌വ പുറത്തിറക്കിയ സംഭവത്തില്‍ ഗായികയ്ക്ക് പിന്തുണയുമായി ബോളിവുഡ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ഒരുമിച്ചു നിന്നു പൊരുതണമെന്നായിരുന്നു ബോളിവുഡ് താരങ്ങളുടെ പ്രതികരണം.
തീവ്രമതവാദികളുടെ ആക്രമത്തിന് എന്നും ഇരകളാവുന്നത് സിനിമാ താരങ്ങളും കലാകാരന്മാരുമാണെന്നായിരുന്നു ഹിന്ദി ചലച്ചിത്ര താരം സ്വര ഭാസ്‌കറിന്റെ പ്രതികരണം. അഫ്രിനെതിരെ ഫത്‌വ പുറത്തിറക്കിയതും സഞ്ജയ് ലീലാ ബന്‍സാലിയ്ക്കും ആമിറിനും എതിരായ ആക്രമണങ്ങളുമെല്ലാം തികച്ചും അന്യായമാണെന്നും സ്വര പ്രതികരിച്ചു.
” തെമ്മാടിത്തം അതിന്റെ അതിരുകള്‍ ലംഘിച്ചിരിക്കുകയാണ്. ആരും അതിനെ തടയുന്നില്ല. ഇത്രയും നാള്‍ ബോളിവുഡ് ഇതിനെതിരെ നിശബ്ദമായിരുന്നു. ഒരുമിച്ച് നിന്ന് അനീതിയ്ക്കും നാണം കെട്ട ഈ അവസ്ഥയ്ക്കും എതിരെ ശബ്ദമുയര്‍ത്തേണ്ട സമയമായിരിക്കുകയാണ്.” സ്വര പറയുന്നു.
അഫ്രീനിനുണ്ടായ അനുഭവം ഖേദകരമാണെന്നും എന്നാല്‍ അതിനെതിരെ ശക്തമായി നിലപാടെടുത്ത അഫ്രീനിന്റെ ധീരതയെ അഭിനന്ദിക്കുന്നുവെന്നും ബോളിവുഡ് ഹീറോ വിവേക് ഒബ്‌റോയി പറഞ്ഞു.
” നമ്മളെല്ലാം ഇന്ത്യാക്കാരാണ് ആദ്യം. ദേശീയതയാണ് ആദ്യത്തെ മതം.” വിവേക് പറയുന്നു. അഫ്രീനൊപ്പം നിന്ന മാധ്യമങ്ങളെ അഭിനന്ദിക്കാനും വിവേക് മറന്നില്ല. മാധ്യമങ്ങളുടെ നിലപാടുകള്‍ അഭിനന്ദനാര്‍ഹമാണെന്നും ഇത്തരം സംഭവങ്ങളില്‍ ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്നും താരം പറഞ്ഞു.
” നമ്മുടെ അറിവ് എത്ര ചെറുതാണെന്ന് കാണിച്ചു തരുന്നതാണ് ഇത്തരം സംഭവങ്ങള്‍. പുരോഹിതന്മാര്‍ തങ്ങളുടെ ചിന്താഗതി മാറ്റാന്‍ തയ്യാറാകണം. ഒരു മുസ്‌ലിം പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം പാടാന്‍ തയ്യാറായെങ്കില്‍ അവളെ തടയാന്‍ ആര്‍ക്കും അവകാശമില്ല.” വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി ബോളിവുഡ് നടി ദിയ മിര്‍സയും രംഗത്തെത്തി.
കഴിഞ്ഞ ദിവസമായിരുന്നു അഫ്രീന് എതിരെ 42 മുസ്‌ലിം പുരോഹിതരുടെ നേതൃത്വത്തില്‍ ഫത്‌വ പുറത്തിറക്കുന്നത്. 25 ാം തിയ്യതി നടക്കുന്ന അഫ്രീന്റെ പൊതു പരിപാടി മുന്നില്‍ കണ്ടായിരുന്നു ഫത്‌വ. പൊതുവേദിയില്‍ പാടുന്നത് അഫ്രീന്‍ നിര്‍ത്തണമെന്നും 25 ാം തിയ്യതിയിലെ പരിപാടി കാണാന്‍ മതവിശ്വാസികള്‍ പോകരുതെന്നുമായിരുന്നു ഫത്‌വ.
എന്നാല്‍ ഇതിനെതിരെ തന്റെ നിലപാട് വ്യക്തമാക്കി ഗായിക തന്നെ രംഗത്തെത്തുകയായിരുന്നു. തന്നെ പാടുന്നതില്‍ നിന്നും ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും പാടാതിരുന്നതാലാണ് ദൈവ നിന്ദയാവുക എന്നുമായിരുന്നു അഫ്രീന്റെ മറുപടി.
പ്രമുഖ ഹിന്ദി ചാനലായ സീ ടിവിയുടെ പ്രശസ്ത റിയാലിറ്റി ഷോയായ സരിഗമപായിലൂടെ പ്രശസ്തയായ നഹീദ് അഫ്രീന്‍ പിന്നീട് ബോളിവുഡിലും ചുവടുറപ്പിക്കുകയായിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ സൊനാക്ഷി സിന്‍ഹ ചിത്രമായ അകിറയിലാണ് അഫ്രീന്‍ ആദ്യമായി ഗാനം ആലപിച്ചത്.