| Thursday, 18th February 2021, 3:33 pm

'പോ കിഴവാ' എന്ന് എം. ജെ അക്ബറിനോട് ബോളിവുഡ് താരങ്ങള്‍; 'ഈ വിധി പ്രതീക്ഷയുടെ കിരണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മീ ടൂ പരാതി ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയാ രമാണിക്കെതിരെ മുന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന എം. ജെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസ് തള്ളിയ കോടതി നടപടിയില്‍ പ്രതികരണവുമായി പ്രശസ്ത ബോളിവുഡ് താരങ്ങള്‍. തപ്‌സി പന്നു, റിച്ച ഛദ്ദ, സ്വര ഭാസ്‌കര്‍ എന്നിവരാണ് പ്രിയാ രമാണിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.

ചുറ്റും തെറ്റായ കാര്യങ്ങള്‍ നടനക്കുമ്പോഴും ഇങ്ങനെ ചിലത് സംഭവിക്കുന്നത് പ്രതീക്ഷയുടെ ഒരു കിരണം കൊണ്ടു വരുന്നുവെന്നാണ് തപ്‌സി പന്നു പറഞ്ഞത്.

‘ചുറ്റും ഇത്രയും തെറ്റായ കാര്യങ്ങള്‍ നടക്കുമ്പോഴും നീതിയും ധര്‍മ്മവും ഇപ്പോഴും നശിച്ചിട്ടില്ലെന്ന പ്രതീക്ഷയുടെ കിരണം ബാക്കി വെക്കുന്നതാണ് ഈ വിധി. സത്യവും നീതിയും നീണാള്‍ വാഴട്ടെ,’ തപ്‌സി പന്നു പറഞ്ഞു.

അവസാനം നീതി കിട്ടിയിരിക്കുന്നു എന്നായിരുന്നു റിച്ച ഛദ്ദ പറഞ്ഞത്. എം. ജെ അക്ബറിനെ ദ സിംപ്‌സണ്‍സ് ആനിമേറ്റഡ് സീരീസിലെ മിസ്റ്റര്‍ ബേണ്‍സ് എന്ന കഥാപാത്രത്തോട് ഉപമിച്ച് കൊണ്ടായിരുന്നു റിച്ച ഛദ്ദ ട്വീറ്റ് ചെയ്തത്.

മിസ്റ്റര്‍ ബേണ്‍സിനെ പോലെ ഒരു റേഡിയോ ആക്ടിവ് ഗുഹയില്‍ ചെന്നിരുന്ന് എന്തുകൊണ്ടാണ് തന്റെ അച്ഛന്‍ തന്നെ ചെറുപ്പത്തില്‍ ആവശ്യമായ രീതിയില്‍ അംഗീകരിക്കാതിരുന്നതെന്ന് എം. ജെ അക്ബര്‍ ചിന്തിക്കുന്നുണ്ടാകണം. 97 അഭിഭാഷകര്‍ക്ക് പണം കൊടുക്കുന്നതിന് പകരം ഒരു തെറാപിസ്റ്റിനെ വിളിച്ചാല്‍ മതിയായിരുന്നല്ലോ എന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകണം എന്നാണ് റിച്ച ഛദ്ദ ട്വീറ്റ് ചെയ്തത്.

കിഴവനെന്ന് വിളിച്ച് കൊണ്ടാണ് അവര്‍ ട്വീറ്റ് അവസാനിപ്പിച്ചത്. #Loser എന്ന ടാഗും ട്വീറ്റിനൊപ്പം വെച്ചിട്ടുണ്ട്.

പ്രിയ രമാണിയെയും, കേസില്‍ ഹാജരായ അഡ്വ. റെബേക്ക ജോണിനെയും ടാഗ് ചെയ്ത് കൊണ്ടാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്. നിങ്ങള്‍ മുന്നോട്ട് പോകൂ. ഇന്ന് റിച്ച ഛദ്ദ പറഞ്ഞ പോലെ ഞാനും പറയുന്നു പോ കിഴവാ… എന്നാണ് സ്വര ട്വീറ്റ് ചെയ്തത്.

ഗാന രചയിതാവായ വൈരമുത്തുവിനെതിരെ മീ ടൂ പരാതി ഉന്നയിച്ച പിന്നണി ഗായിക ചിന്മയി ശ്രീപദയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.

വൈരമുത്തുവിനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു എന്നാണ് ചിന്മയി ട്വീറ്റ് ചെയ്തത്. കോടതിയുടെ വിധി പ്രസ്താവത്തിന്റെ വാര്‍ത്ത പങ്കുവെച്ച് കൊണ്ടായിരുന്നു ചിന്മയിയുടെ പ്രതികരണം.

സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീര്‍ത്തിയെക്കാള്‍ വിലയുണ്ടെന്നാണ് എം. ജെ അക്ബറിന്റെ മാനനഷ്ടക്കേസ് തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ആവശ്യം തുല്യതയാണ്. ലൈംഗിക അതിക്രമം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും സ്ത്രീകള്‍ക്ക് അത് ഉന്നയിക്കാനുള്ള അവകാശമുണ്ടെന്നും ദല്‍ഹിയിലെ കട്കട് ദുമ കോടതി പറഞ്ഞു.

‘പലപ്പോഴും ഇത്തരം സംഭവങ്ങള്‍ പുറം ലോകമറിയാറില്ല, ലൈംഗികമായി അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും അവര്‍ അതിന് ശേഷം അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങള്‍ കാരണവും അവരുടെ സ്വഭാവശുദ്ധിയെ സംബന്ധിച്ച് ചോദ്യങ്ങളുയരുന്നതിനാലും തുറന്ന് പറയാന്‍ സാധിക്കാറില്ല,’ കോടതി നിരീക്ഷിച്ചു.

പ്രിയാ രമാണിക്കെതിരായ ക്രിമിനല്‍ മാനനഷ്ടം നിലനില്‍ക്കില്ലെന്നും വിധി പ്രസ്താവിച്ച അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍ പറഞ്ഞു.

1994ല്‍ ജോലിക്കായുള്ള ഒരു അഭിമുഖത്തിന് മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയ തനിക്ക് അക്ബറില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്നായിരുന്നു പ്രിയാ രമാണിയുടെ വെളിപ്പെടുത്തല്‍. 2018ലായിരുന്നു പ്രിയാ രമാണി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

ഇതിന് പിന്നാലെ ഇരുപതോളം സ്ത്രീകള്‍ എം. ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തി.

വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ എം. ജെ അക്ബറിന് രാജിവെക്കേണ്ടി വന്നു. പിന്നാലെയാണ് പ്രിയാ രമാണിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്ക് മാനനഷ്ടം സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി എം. ജെ അക്ബര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bollywood actresses expresses happiness in MJ Akbar case

We use cookies to give you the best possible experience. Learn more