ന്യൂദല്‍ഹി: തനിക്കെതിരെ ഹിന്ദുത്വ വാദികളുടെ ആക്രമമുണ്ടാകുന്നുവെന്ന് ബോളിവുഡ് നടി ഉര്‍ഫി ജാവേദ്. തന്നെ ആക്രമിക്കാന്‍ വരുന്ന ഹിന്ദു തീവ്രവാദികളോട് താന്‍ ഇസ്‌ലാം മതം ഫോളോ ചെയ്യുന്നയാളല്ലെന്ന് മനസിലാക്കണമെന്നും അവര്‍ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘ഹിന്ദു തീവ്രവാദികള്‍ എന്നെ ആക്രമിക്കാന്‍ തുടങ്ങുന്നതിന് മുമ്പ്, ഞാന്‍ നിങ്ങളോട് പറയട്ടെ, ഞാന്‍ ഇസ്‌ലാം മതത്തേയോ മറ്റൊരു മതത്തേയോ പിന്തുടരുന്നില്ല. ആളുകള്‍ അവരുടെ മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ഉര്‍ഫി ജാവേദ് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിന് താഴെയും വിദ്വേഷ കമന്റുമായി ഹിന്ദുത്വ പ്രൊഫൈലുകള്‍ രംഗത്തെത്തി.
‘ഈ സ്ത്രീയെയും അവളെപ്പോലുള്ള സ്ത്രീകളെയും അഫ്ഗാനിസ്ഥാനിലും സമാന രാജ്യങ്ങളിലും ഇറങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് വളരെ രസകരമായിരിക്കും’ എന്നണ് ഒരാളുടെ കമന്റ്.
ഇതിന് ‘സ്ത്രീകള്‍ക്കെതിരെ അതിക്രമണം നടത്തുന്ന നിങ്ങളെപോലെയള്ള ഫേക്ക് ഐഡികള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടണമെന്ന് ആഗ്രഹിക്കുന്നു’ എന്ന് ഉര്‍ഫി മറുപടി നല്‍കി. മറ്റൊരു കമന്റിന് മറുപടി നല്‍കവെ താനൊരു നിരീശ്വര വാദിയാണെന്നും ഉര്‍ഫി പറഞ്ഞു.
അതേസമയം, മുംബൈ നഗരത്തില്‍ തനിക്ക് വീടോ അപ്പാര്‍ട്ട്മെന്റോ വാടകക്ക് ലഭിക്കുന്നില്ലെന്ന് ഉര്‍ഫി ജാവേദ് നേരത്തെ പറഞ്ഞിരുന്നു. തന്റെ വസ്ത്രധാരമാണ് മുസ്‌ലിം ഉടമകളുടെ പ്രശ്നമെങ്കില്‍ ഹിന്ദു ഉടമകള്‍ വീട് തരാത്തത് താന്‍ മുസ്‌ലിമായത് കൊണ്ടാണെന്നും ഉര്‍ഫി ആരോപിച്ചിരുന്നത്.
‘മുസ്‌ലിം ഉടമകള്‍ എന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ എനിക്ക് വീട് വാടകക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നില്ല, ഞാന്‍ മുസ്ലിമായതിനാല്‍ ഹിന്ദു ഉടമകളും എനിക്ക് വീട് വാടകക്ക് നല്‍കുന്നില്ല.
എനിക്കെതിരെയുള്ള രാഷ്ട്രീയ ഭീഷണികളില്‍ ചില ഉടമകള്‍ക്ക് പ്രശ്നമുണ്ട്. മുംബൈയില്‍ ഒരു വാടക അപ്പാര്‍ട്ട്മെന്റ് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുകയാണ്,’ എന്നായിരുന്നു ഉര്‍ഫി പറഞ്ഞിരുന്നത്.
Content Highlights: Bollywood actress Uorfi Javed says that she is being attacked by Hindutva supporters