| Tuesday, 23rd January 2024, 12:26 pm

രാമക്ഷേത്ര ഉദ്ഘാടനം; ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് ബോളിവുഡ് താരം സുസ്മിത സെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ കഴിഞ്ഞ ദിവസം രാമക്ഷേത്ര ഉദ്ഘാടനം നടന്നപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് ഒരുപാട് പ്രമുഖര്‍ മുന്നോട്ട് വന്നിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ സിനിമാ മേഖലയിലുള്ള നിരവധി പേരായിരുന്നു ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചത്.

മലയാളത്തില്‍ നിന്ന് നിരവധി പേര്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചതിന് പിന്നാലെ ബോളിവുഡ് നടി സുസ്മിത സെന്നും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആമുഖം പങ്കുവെച്ചു. മദര്‍ ലാന്‍ഡ് എന്ന ഹാഷ് ടാഗോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടത്.

എഴുത്തുകാരനും സംവിധായകനും നിര്‍മാതാവുമായ അതുല്‍ മോംഗിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രമാണ് സുസ്മിത സെന്‍ പങ്കുവെച്ചിരിക്കുന്നത്.

‘ഇന്ത്യ. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. വിദ്വേഷത്തിന്റെ ഒരു രാഷ്ട്രീയവും അതില്‍ മാറ്റം കൊണ്ടുവരില്ല’ എന്നാണ് അതുല്‍ മോംഗിയ തന്റെ പോസ്റ്റിന് താഴെ കുറിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ നിരവധിയാളുകള്‍ അനുകൂലിച്ചും പ്രതികൂലിച്ചും വന്നിട്ടുണ്ട്.

മതചടങ്ങിന് രാജ്യത്തിന്റെ പ്രധാനമന്ത്രി നേതൃത്വം കൊടുക്കുന്നത് മതേതരത്വ ഇന്ത്യയുടെ തകര്‍ച്ചയെ സൂചിപ്പിക്കുന്നു എന്ന ആക്ഷേപം പരക്കെ ഉയരുന്നതിനിടെയാണ് സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കു വെച്ച് തങ്ങളുടെ പ്രതിഷേധം ഉയര്‍ത്തുന്നത്.

മലയാളത്തില്‍ നിന്ന് സംവിധായകന്‍മാരായ കമല്‍, ആഷിഖ് അബു, ജിയോ ബേബി എന്നിവരും അഭിനേതാക്കളായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയവരും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചിരുന്നു.

‘മതം ആശ്വാസമാണ് ആഘോഷം അല്ല,’ എന്ന് പറഞ്ഞ് ഗായകന്‍ വിധു പ്രതാപ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഒപ്പം നടന്‍ ഷെയ്ന്‍ നിഗം അംബേദ്കറിന്റെ വാക്കുകള്‍ പങ്കുവെച്ചായിരുന്നു തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

Content Highlight: Bollywood actress Sushmita Sen shared the preamble of the Indian Constitution

We use cookies to give you the best possible experience. Learn more