മുംബൈ: മുംബൈയിലെ മലിനീകരണത്തെ കുറിച്ച് ബോളിവുട് നടി സോനം കപൂര്‍ ഇന്‍സ്റ്റഗ്രാമിലിട്ട സ്റ്റാറ്റസിന് ട്രോളാക്രമണം ഉണ്ടായതിനു പിന്നാലെ താരം ട്വിറ്ററില്‍ നിന്നും താല്‍കാലികമായി പിന്മാറി.
താരം ഇന്‍സ്റ്റഗ്രാമിലിട്ട സ്റ്റാറ്റസ് ട്വിറ്ററിലിട്ട ആനന്ദ് വസു എന്നയാള്‍ക്ക് മാസ് മറുപടി നല്‍കിയാണ് താരം ട്വിറ്ററില്‍ നിന്നും പിന്‍വാങ്ങുന്നത്. ട്വിറ്റര്‍ ഈയിടെയായി വളരെ നെഗറ്റീവ് ആണെന്നാണ് പിന്മാറ്റത്തിനുള്ള കാരണമായി താരം ചൂണ്ടിക്കാട്ടുന്നത്.
“നഗരത്തിലെത്താന്‍ ഏകദേശം രണ്ട് മണിക്കൂറെടുത്തു. ഞാന്‍ ഇപ്പോഴും എന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. റോഡുകള്‍ വളരെ മോശമാണ്. വെറുപ്പുളവാക്കുന്ന മലിനീകരണം കാരണം വീട്ടില്‍ നിന്നും പുറത്തിറങ്ങുക ദുസ്വപ്നമായി മാറിയിരിക്കുകയാണ്” മുംബൈയിലെ മലിനീകരണത്തെ കുറിച്ച് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു.
ഇത് സ്‌ക്രീന്‍ഷോെട്ടടുത്ത് ആനന്ദ് വസു എന്നയാള്‍ സോനത്തിന് മറുപടിയുമായി ട്വിറ്ററിലെത്തി. “നിങ്ങളെ പോലെ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാത്തവരും ഇന്ധനക്ഷമത കുറഞ്ഞ ആഢംബര വണ്ടികള്‍ ഉപയോഗിക്കുന്നവരുമാണ് മുംബൈയിലെ മലിനീകരണത്തിന് കാരണം.
നിങ്ങളെ പോലുള്ളവര്‍ ഉപയോഗിക്കുന്ന കാറുകള്‍ക്ക് മൂന്നോ നാലോ കിലോമീറ്റര്‍ മാത്രമാണ് മൈലേജ്. നിങ്ങളുടെ വീടുകളില്‍ ഉപയോഗിക്കുന്ന എ.സികളും ആഗോളതാപനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്”- ഈ ട്വീറ്റ് വൈറലാവുകയും വൈകാതെ സോനം അതിന് മറുപടിയുമായി എത്തുകയും ചെയ്തു.
“നിന്നെ പോലുള്ള ആണുങ്ങള്‍ ഉപദ്രവിക്കുമെന്ന ഭയം കാരണമാണ് സ്ത്രീകള്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്താന്‍ മടിക്കുന്നത്” എന്നായിരുന്നു സോനത്തിന്റെ മറുപടി. സോനത്തിന്റെ ഇത്തരത്തിലുള്ള മറുപടിയും വന്‍ ചര്‍ച്ചക്കാണ് വഴിവെച്ചത്.
നേരത്തെ ഓണ്‍ലൈന്‍ ട്രോള്‍ ആക്രമണത്തിനിരയായ സോനം വിദ്വേഷത്തോടെ പെരുമാറാതിരിക്കാനും സെലിബ്രിറ്റികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കാനും തന്റെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. എന്തായാലും സോനത്തിന്റെ ട്വിറ്ററില്‍ നിന്നുള്ള പിന്മാറ്റം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.