| Tuesday, 1st June 2021, 12:16 pm

എന്റെ വീട്ടില്‍ ആണുങ്ങള്‍ അത്താഴം കഴിച്ച് ഉറങ്ങിയതിന് ശേഷമേ സ്ത്രീകള്‍ക്ക് കഴിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു: അനുഭവം തുറന്നുപറഞ്ഞ് പരിനീതി ചോപ്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതത്തില്‍ നേരിടേണ്ടി വന്ന പാട്രിയാര്‍ക്കിയുടെ ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി പരിനീതി ചോപ്ര. പുതിയ ചിത്രമായ സന്ദീപ് ഔര്‍ പിങ്കി ഫരാറിന്റെ റിലീസിനോടനുബന്ധിച്ച് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് പുരുഷാധിപത്യം വിവിധ തലങ്ങളില്‍ നിലനില്‍ക്കുന്നതിനെ കുറിച്ച് നടി സംസാരിച്ചത്.

നേരിട്ട് അനുഭവിച്ച പല കാര്യങ്ങളുടെയും പ്രതിഫലനം ചിത്രത്തില്‍ കാണാമെന്നും നടി പറഞ്ഞു. ചിത്രത്തിലേത് പോലെ തന്നെ തന്റെ വീട്ടിലും പുരുഷന്മാര്‍ കഴിച്ചതിന് ശേഷമോ അല്ലെങ്കില്‍ അവര്‍ ഉറങ്ങിയതിന് ശേഷമോ മാത്രമേ സ്ത്രീകള്‍ക്ക് കഴിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളുവെന്നും പരിനീതി പറഞ്ഞു.

‘സന്ദീപ് ഔര്‍ പിങ്കിയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ‘പറാത്ത അച്ചാര്‍’ ആണ്. അതില്‍ എല്ലാ പുരുഷന്മാരും ഇരിക്കുകയും സ്ത്രീകളെല്ലാം നില്‍ക്കുയുമാണ്. ഇതില്‍ നീന ഗുപ്തയുടെ കഥാപാത്രവും നില്‍ക്കുകയാണ്.

പാട്രിയാര്‍ക്കിയുമായി അത്രയും പൊരുത്തപ്പെട്ടു കഴിഞ്ഞതു കൊണ്ട് അവര്‍ ഒരിക്കലും അര്‍ജുന്റെ കഥാപാത്രത്തിനോട് ആ അച്ചാറൊന്ന് എടുക്കാന്‍ പറയില്ല. പക്ഷെ, ഞാന്‍ മേശയില്‍ ഇരുന്നതിനെ ചോദ്യം ചെയ്യും.

ഈ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ വളര്‍ന്ന വന്ന വീടും പരിസരവുമാണ് ഓര്‍മ്മ വന്നത്. പുരുഷന്മാര്‍ ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങിയതിന് ശേഷമേ എന്റെ വീട്ടിലെ സ്ത്രീകള്‍ക്ക് കഴിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. അത്താഴം കഴിഞ്ഞും പുരുഷന്മാര്‍ മേശയിലുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് അവിടെയിരുന്ന് കഴിക്കാന്‍ സാധിക്കില്ല.

എന്റെ അമ്മയ്ക്കും മേശയിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്റെ അച്ഛന്‍ അമ്മയെകൊണ്ട് ഇതൊന്നും നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതല്ല. പക്ഷെ അവിടെ അങ്ങനെ ഒരു അലിഖിത നിയമമുണ്ടായിരുന്നു.’ പരിനീതി ചോപ്ര പറഞ്ഞു.

പരിനീതിയുടെ വാക്കുകളോട് പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. തങ്ങളുടെ വീടുകളിലും ഇത്തരത്തില്‍ തന്നെയാണ് കാര്യങ്ങളെന്നും പലരും സോഷ്യല്‍ മീഡിയയില്‍ എഴുതി.

പരിനീതിയുടെ മൂന്ന് ചിത്രങ്ങളാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. ഗേള്‍ ഓണ്‍ ദ ട്രെയ്ന്‍, സൈന, സന്ദീപ് ഔര്‍ പിങ്കി ഫരാര്‍ എന്നീ ചിത്രങ്ങളെല്ലാം ഒ.ടി.ടിയിലായിരുന്നു ഇറങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Bollywood actress Parineeti Chopra opens up about patriarchy at her own house

We use cookies to give you the best possible experience. Learn more