| Friday, 18th November 2022, 5:18 pm

അമ്പത് മോഡലുകളുടെ മുന്നില്‍വെച്ചാണ് അവരെന്നെ വഴക്ക് പറഞ്ഞത്; ഓട്ടോയില്‍ കയറിയതും ഞാന്‍ പൊട്ടിക്കരഞ്ഞു: കൃതി സാനൊന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡില്‍ അരങ്ങേറി വളരെ പെട്ടെന്ന് തന്നെ താരപദവിയിലേക്ക് ഉയര്‍ന്നുവന്ന നടിയാണ് കൃതി സാനൊന്‍. ഹീറോപാണ്ടി എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ അരങ്ങേറിയ കൃതി പിന്നീട് ദില്‍വാലെ, റാബ്ത, ബറേലി കി ബര്‍ഫി, ലുക്ക ചുപ്പി, മിമി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുത്തു.

താരകുടുംബത്തില്‍ നിന്നല്ലാതിരുന്ന കൃതി, തന്റെ മോഡലിങ് കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ്.

ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായി റാംപ് വാക്ക് നടത്തിയതിന്റെയും ഫോട്ടോഷൂട്ട് നടത്തിയതിന്റെയും അനുഭവങ്ങള്‍ കൃതി പങ്കുവെച്ചത്.

”എന്റെ ആദ്യത്തെ റാംപ് വാക്കില്‍ നിന്നും ആദ്യത്തെ ഫോട്ടോഷൂട്ടില്‍ നിന്നും ഞാന്‍ കരഞ്ഞുകൊണ്ടാണ് തിരിച്ചുവന്നത്.

എന്റെ ആദ്യത്തെ റാംപ് ഷോയില്‍ സ്വാഭാവികമായും ഞാന്‍ വളരെ നെര്‍വസായിരുന്നു. അതുകൊണ്ട് തന്നെ കൊറിയോഗ്രഫി ഞാന്‍ കുറച്ച് കുളമാക്കി. അതെന്റെ ആദ്യത്തെ ഷോയായിരുന്നു, ആ കൊറിയോഗ്രഫിയും കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു.

മാത്രമല്ല ആ കൊറിയോഗ്രഫര്‍ എന്നോട് വളരെ ദേഷ്യത്തോടെയും മോശമായുമാണ് പെരുമാറിയത്. ആ ഷോയ്ക്ക് ശേഷം അവിടെയുണ്ടായിരുന്ന 50 മോഡലുകളുടെ മുന്നില്‍വെച്ച് അവര്‍ എന്നോട് വളരെ ദേഷ്യപ്പെട്ട്, ഷൗട്ട് ചെയ്ത് സംസാരിച്ചു.

ഞാന്‍ അതെല്ലാം കേട്ടുനിന്നു. പക്ഷെ തിരിച്ച് പോകാന്‍ വേണ്ടി ഓട്ടോയില്‍ കയറിയ ഉടന്‍ ഞാന്‍ പൊട്ടിക്കരഞ്ഞു. വീട്ടില്‍ ചെന്നപ്പോഴും ഞാന്‍ മുഴുവന്‍ കരച്ചിലായിരുന്നു.

ഇത് നിനക്ക് പറ്റിയ പണിയല്ല, നീ കുറച്ചുകൂടി സ്‌ട്രോങ് ആകേണ്ടതുണ്ട്, ആത്മവിശ്വാസം ഉണ്ടാകേണ്ടതുണ്ട് എന്നൊക്കെ അമ്മ പറഞ്ഞു.

എന്റെ ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ സമയത്ത് എനിക്കൊരു പോര്‍ട്‌ഫോളിയോ പോലും ഉണ്ടായിരുന്നില്ല. ആദ്യമായിട്ടായിരുന്നു ഞാനന്ന് സ്റ്റില്‍ ക്യാമറ ഫേസ് ചെയ്തത്. ഞാന്‍ എന്ത് ചെയ്യണം, പോസ് ചെയ്യേണ്ടത് എങ്ങനെയാണ് എന്നുപോലും എനിക്കറിയില്ലായിരുന്നു. ഞാന്‍ വളരെ കോണ്‍ഷ്യസ് ആയിരുന്നു,” കൃതി സാനൊന്‍ പറഞ്ഞു.

Content Highlight: Bollywood actress Kriti Sanon about the beginning of her modelling career

We use cookies to give you the best possible experience. Learn more