മുംബൈ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് വോട്ടഭ്യര്‍ഥനയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്.
യു.പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നും അവര്‍ക്ക് ഗുണ്ടകളെ പേടിക്കാതെ പുറത്തുപോകാന്‍ കഴിയുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ യോഗിയുടെ ചിത്രം പങ്കുവെച്ചായിരുന്നു കങ്കണയുടെ പ്രതികരണം.
‘ഉത്തര്‍പ്രദേശിലെ എന്റെ സഹോദരിമാര്‍ ഇന്ന് സന്തുഷ്ടരാണ്, യോഗി ജിയുടെ സുരക്ഷയില്‍ ഗുണ്ടകളെക്കുറിച്ച് ആകുലപ്പെടാതെ അവര്‍ക്ക് എപ്പോള്‍ എവിടെ വേണമെങ്കിലും പോകാം.
ഈ തെരഞ്ഞെടുപ്പില്‍ നമ്മുടെ സുരക്ഷാ കവചമാണദ്ദേഹം. അത് മറക്കരുത്, യോഗിയുണ്ടെങ്കില്‍ ജീവനുണ്ട്, ജീവനുണ്ടെങ്കില്‍ ലോകമുണ്ട്,’ കങ്കണ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കങ്കണ ബി.ജെ.പിയുടെ ഔദ്യോഗിക ശബ്ദമാകുകയാണെന്നും ഹത്രാസ് സംഭവമടക്കം വിസ്മരിച്ച് എങ്ങനെയാണ് ഇവര്‍ക്ക് ഇങ്ങനെ നുണപറയാന്‍ കഴിയുന്നതെന്നുമാണ് പോസ്റ്റിന് താഴെ വരുന്ന വിമര്‍ശനങ്ങള്‍.
അതേസമയം, ശക്തമായ മത്സരമാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സഖ്യവും ബി.ജെ.പിയും തമ്മിലാണ് പ്രധാനമായും ഉത്തര്‍പ്രദേശില്‍ നേര്‍ക്കുനേര്‍ മത്സരം നടക്കുന്നത്.
എക്കാലത്തേയും പോലെ വര്‍ഗീയതയും രാമക്ഷേത്രവും തന്നെ ഉയര്‍ത്തിപ്പിടിച്ചാണ് ബ.ജെ.പി ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാമക്ഷേത്രത്തിന് പുറമെ കാശിക്ഷേത്രവും ഇത്തവണ ബി.ജെ.പി പ്രചരണായുധമാക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പേ കാശി ധാം പദ്ധതിക്ക് ശതകോടികള്‍ പ്രഖ്യാപിച്ചതും കാശി ഇടനാഴി പണിഞ്ഞതുമെല്ലാം ഇതേ ലക്ഷ്യത്തിനായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍, പ്രാദേശിക-ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ഉത്തര്‍പ്രദേശ് പിടിക്കാമെന്നാണ് അഖിലേഷ് കണക്കു കൂട്ടുന്നത്. അഖിലേഷിനൊപ്പം അമ്മാവന്‍ ശിവപാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടി (ലോഹ്യ)യും ജയന്ത് ചൗധരി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ലോക് ദളും സഖ്യത്തിലുണ്ട്.
ഉത്തര്‍പ്രദേശിലെ 403 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടമായാണ് നടക്കുന്നത്. അഖിലേഷ് യാദവ് മത്സരിക്കുന്ന കര്‍ഹാല്‍ മണ്ഡലത്തില്‍ മൂന്നാം ഘട്ടമായ ഫെബ്രുവരി 20നും യോഗി മത്സരിക്കുന്ന ഗൊരഖ്പൂരില്‍ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ മാര്‍ച്ച് മൂന്നിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.