| Tuesday, 29th September 2020, 9:04 pm

ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗം; 'പ്രതികളെ പൊതുജനങ്ങള്‍ക്കു മുമ്പില്‍വെച്ച് തൂക്കിക്കൊല്ലണം'; പ്രതിഷേധവുമായി ബോളിവുഡ് താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി മരിച്ചതിനെതിരെ പ്രതിഷേധമുയരുകയാണ്. സംഭവത്തില്‍ കുറ്റവാളികളെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് പ്രമുഖ ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

നിഷ്ഠൂരമാണ് ഈ പ്രവൃത്തിയെന്നാണ് നടന്‍ അക്ഷയ്കുമാര്‍ പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അമര്‍ഷവും വേദനയും തോന്നുന്നു. എന്നാണ് ഇതൊന്ന് അവസാനിക്കുക. കുറ്റവാളികളെ പേടിപ്പിക്കുന്ന രീതിയില്‍ നമ്മുടെ നിയമങ്ങള്‍ നടപ്പാക്കണം. ഈ കൃത്യം ചെയ്തവരെ തൂക്കിലേറ്റുക തന്നെ വേണം. നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തേണ്ട സമയമാണിത്’- അക്ഷയ് ട്വീറ്റ് ചെയ്തു.

അത്യധികം വേദനിപ്പിക്കുന്ന സംഭവമാണിതെന്നാണ് നടന്‍ റിതേഷ് ദേശ്മുഖ് പറഞ്ഞത്. കുറ്റവാളികളെ പൊതുജനത്തിന് മുന്നില്‍വെച്ച് തൂക്കിക്കൊല്ലണമെന്നാണ് റിതേഷ് ട്വീറ്റ് ചെയ്തത്.

സമാനഭിപ്രായം തന്നെയാണ് സ്വര ഭാസ്‌കറും പങ്കുവെച്ചത്. ക്രൂരതയ്ക്ക്  യാതൊരുപരിധിയുമില്ലെന്ന് ഈ സംഭവം തെളിയിച്ചിരിക്കുകയാണെന്നാണ് സ്വരയുടെ ട്വീറ്റ്. മാനസികനില തെറ്റിയ ക്രൂരസമൂഹമായി രാജ്യം മാറിയിരിക്കുന്നുവെന്നും സ്വയം ലജ്ജിക്കേണ്ട സമയമാണെന്നുമാണ് സ്വര ട്വീറ്റ് ചെയ്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19 കാരിയായ ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായത്.

വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് കുട്ടിയെ ഇവര്‍ ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ആദ്യം അലിഗറിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഹത്രാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ്, രാമു, ലവകുശ്, രവി എന്നീ പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് എസ്.പി വിക്രാന്ത് വീര്‍ അറിയിച്ചു.

സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വിഷയം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായത്. ദളിതര്‍ക്ക് നേരേയുള്ള അതിക്രമങ്ങളോട് പൊതുസമൂഹം കണ്ണടയ്ക്കുകയാണെന്നാണ് പ്രധാന വിമര്‍ശനം.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുമെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തക്കുമോയെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Bollywood Actors Condemn Hatras Rape case

We use cookies to give you the best possible experience. Learn more