ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ മോദി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാണിക്കുന്ന മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. നിരവധി പേരാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ബോളിവുഡ് നടനുമായ വീര്‍ ദാസ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ മരിച്ചവരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവരോട് കലി തുള്ളേണ്ട കാര്യമില്ല, കാരണം ഇവിടുത്തെ സിസ്റ്റം അവരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുക പോലുമില്ലെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ വീര്‍ ദാസിന്റെ ട്വീറ്റിന് കമന്റുമായെത്തി. ‘കൊവിഡ് ആയതുകൊണ്ട് ഇവിടെ കൊലപാതകമാണ് നടക്കുന്നതെന്ന് ആരും തിരിച്ചറിയുന്നില്ലെന്ന്’ പറയുന്ന ട്രോള്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കമന്റ്.
കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് 52ഓളം ട്വീറ്റുകള്‍ക്കെതിരെ ട്വിറ്റര്‍ നടപടി സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച ഓസ്‌ട്രേലിയന്‍ പത്രത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ഓക്‌സിജന്‍, വാക്‌സിന്‍ ക്ഷാമം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയുടെ നയങ്ങള്‍ക്കെതിരെ സംസാരിച്ചതിനാണ് ദി ഓസ്‌ട്രേലിയന്‍ എന്ന ദിനപത്രത്തിനെതിരെ കേന്ദ്രം രംഗത്തുവന്നത്.
അടിസ്ഥാനരഹിതവും അധിക്ഷേപപരവുമായ കാര്യങ്ങളാണ് ദി ഓസ്ട്രേലിയന്‍ പ്രസിദ്ധീകരിച്ചതെന്നാണ് ഇന്ത്യന്‍ ഹൈ കമ്മീഷന്‍ പത്രത്തിന്റെ എഡിറ്റര്‍- ഇന്‍-ചീഫിനെഴുതിയ കത്തില്‍ പറയുന്നത്.
മറ്റൊരു ലേഖനം പ്രസിദ്ധീകരിക്കണമെന്നും ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തെ കുറിച്ച് ‘ശരിയായ’ വിവരങ്ങള്‍ നല്‍കണമെന്നും ഹൈ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം അടിസ്ഥാനരഹിതമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ദി ഓസ്ട്രേലിയനോട് ഇന്ത്യ ആവശ്യപ്പെട്ടു.
നേരത്തെയും മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ദ ഗാര്‍ഡിയന്‍, ഖലീജ് ടൈംസ്, ടൈം തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിപ്പുകേടാണ് ഇന്ത്യയിലെ സാഹചര്യം ഇത്ര വഷളാവാന്‍ കാരണമെന്നാണ് ഗാര്‍ഡിയനും ടൈമും പറഞ്ഞുവെക്കുന്നത്. രാജ്യത്തെ നയിക്കുന്നതില്‍ മോദി പരാജയപ്പെട്ടതാണ് ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് ടൈം പറയുന്നത്. ഇനി ഈ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കെതിരെയും മോദി സര്‍ക്കാര്‍ സമാനമായ നടപടി സ്വീകരിക്കുമോയെന്നാണ് ചോദ്യങ്ങളുയരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Bollywood actor Vir Das against PM Modi and BJP Govt