ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ എന്നിവരില്‍ നിന്ന് സണ്ണി ഡിയോള്‍ ഔദ്യോഗിക അംഗത്വം സ്വീകരിച്ചു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്നും സണ്ണി ഡിയോള്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. അമൃത്‌സറില്‍ നിന്നോ ഗുര്‍ദാസ്പൂരില്‍ നിന്നോ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചേരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അടുത്ത അഞ്ചു വര്‍ഷത്തേക്ക് മോദി ഭരണത്തിലെത്തണമെന്നും സണ്ണി ഡിയോള്‍ പ്രതികരിച്ചു.
പാര്‍ട്ടി അധ്യക്ഷന്‍ അമിത ഷായുമായി 62 കാരനായ സണ്ണി ഡിയോള്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിറകെയാണ് ബി.ജെ.പിയില്‍ ചേരുന്നുവെന്ന വിവരം താരം പുറത്തുവിട്ടത്.
സണ്ണിയുടെ പിതാവ് ധര്‍മേന്ദ്ര അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്താണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ധര്‍മേന്ദ്ര രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു. മഥുരയില്‍ നിന്നും മത്സരിക്കുന്ന ഭാര്യ ഹേമമാലിനിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ മെയ് 19നാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നത്. മെയ് 23നാണ് വോട്ടെണ്ണല്‍.
അതേസമയം, പഞ്ചാബില്‍ ശിരോമണി അകാലി ദളുമായി സഖ്യം ചേര്‍ന്ന ബി.ജെ.പി 13 സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ മത്സരിക്കാന്‍ ധാരണയായിരുന്നു. അമൃതസര്‍, ഗുരുദാസപുര്‍, ഹോഷിയാര്‍പുര്‍ എന്നീ മണ്ഡലങ്ങളിലാണ ബി.ജെ.പി മത്സരിക്കുക.
അന്തരിച്ച നടന്‍ വിനോദ് ഖന്നയുടെ മണ്ഡലമായിരുന്നു ഗുരുദാസപുര്‍. ഇവിടെ വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയോ മകന്‍ അക്ഷയ് ഖന്നയോ സ്ഥാനാര്‍ഥിയാകുമെന്ന് സൂചനയുണ്ടായിരുന്നു.