ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മഹേഷ് നാരായണന്‍ ചിത്രം മാലിക് ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് വിവിധ ഇന്‍ഡസ്ട്രികളിലെ നിരവധി പേരാണ് രംഗത്തുവരുന്നത്.
ഇപ്പോള്‍ ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവാണ് മാലികിലെ അഭിനേതാക്കളെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. മാലികിലെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് രാജ്കുമാര്‍ റാവു അയച്ച മെസേജ് നടന്‍ വിനയ് ഫോര്‍ട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
മാലിക് കണ്ടുവെന്നും നിങ്ങള്‍ അതിഗംഭീരമായ പ്രകടനാണ് കാഴ്ചവെച്ചിരിക്കുന്നതെന്നുമാണ് വിനയ് ഫോര്‍ട്ടിന് അയച്ച സന്ദേശത്തില്‍ രാജ്കുമാര്‍ പറയുന്നത്.
നിങ്ങളുടെ അഭിനന്ദനങ്ങള്‍ക്കും നല്ല വാക്കിനും ഒരുപാട് നന്ദിയുണ്ടെന്നും ഈ വാക്കുകള്‍ തനിക്കേറെ വിലപ്പെട്ടതാണെന്നും മേസേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് വിനയ് ഫേസ്ബുക്കിലെഴുതി.
മാലികില്‍ ഡേവിഡ് ക്രിസ്തുദാസ് എന്ന ഒരു പ്രധാന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ അലി ഇക്കയുടെ സുഹൃത്തായ ഡേവിഡിന്റെ ചെറുപ്പം മുതല്‍ വയസാകുന്നത് വരെയുള്ള മുപ്പത് വര്‍ഷക്കാലയളവ് തന്മയത്വത്തോടെ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ വിനയ് ഫോര്‍ട്ടിനായിരുന്നു.
ചിത്രത്തില്‍ തീവ്രമായ പല വികാരങ്ങളും കൈകാര്യം ചെയ്യേണ്ടി വരുന്ന കഥാപാത്രം കൂടിയായിരുന്നു ഡേവിഡ്. മാലികിലെ കഥാഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഡേവിഡ് പ്രേക്ഷകന് ഏറ്റവും സഹതാപം തോന്നുന്ന കഥാപാത്രം കൂടിയാണ്.
ഡേവിഡിന്റെ സങ്കീര്‍ണമായ കഥാപാത്ര നിര്‍മ്മിതിയെ വിനയ് ഫോര്‍ട്ട് കയ്യടക്കത്തോടെ കൈകാര്യം ചെയ്തുവെന്ന് റിലീസിന് പിന്നാലെ അഭിപ്രായങ്ങളുയര്‍ന്നിരുന്നു.
മാലികിലെ പ്രകടനത്തിന് ഫഹദ് ഫാസിലിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോളിവുഡിലെ പ്രമുഖരടക്കം മറ്റു ഭാഷകളിലെ നിരവധി സംവിധായകര്‍ ഫഹദിനൊപ്പം ഒരു സിനിമ ചെയ്യുക എന്നതാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് പറഞ്ഞിരുന്നു.
ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രമായ റോസ്‌ലിനെ അവതരിപ്പിച്ചുകൊണ്ട് നിമിഷയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്.
ജൂലൈ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മാലികിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം വലിയ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.
സംവിധാനത്തിന് പുറമേ മാലിക്കിന്റെ തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നതും മഹേഷ് നാരായണനാണ്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരുന്നു.
മാലികിലെ കേന്ദ്ര കഥാപാത്രമായ അഹമ്മദി സുലൈമാന്‍ എന്ന അലി ഇക്കയായാണ് ഫഹദ് ഫാസിലെത്തുന്നത്. നിമിഷ, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജലജ, ദിലീഷ് പോത്തന്‍, സനല്‍ അമന്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ മികച്ച പ്രകടനമാണ് നടത്തിയത്.