വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് ആയുഷ്മാന്‍ ഖുരാന. സമൂഹം സംസാരിക്കാന്‍ മടിക്കുന്ന പല വിഷയങ്ങളും ആയുഷ്മാന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രമേയമാകാറുണ്ട്.
വിക്കി ഡോണര്‍ എന്ന ആദ്യ ചിത്രത്തില്‍ സ്‌പേം ഡൊണേഷനായിരുന്നു പ്രമേയമെങ്കില്‍ പിന്നീട് വന്ന ചിത്രങ്ങളില്‍ സ്വവര്‍ഗാനുരാഗവും ദളിത വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പുരുഷന്മാര്‍ നേരിടുന്ന ലൈംഗികപ്രശ്‌നങ്ങളുമെല്ലാം കടന്നുവന്നു.
ഇപ്പോള്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളോടുള്ള തന്റെ താല്‍പര്യത്തെ കുറിച്ച് വ്യക്തമാക്കുകയാണ് ആയുഷ്മാന്‍ ഖുരാന. പുരുഷന്മാര്‍ നേരിടുന്ന ഇറക്ടൈല്‍ ഡിസ്ഫങ്ഷന്‍ പ്രമേയമായ ശുഭ് മംഗള്‍ സാവധാന്‍ എന്ന ചിത്രത്തിന്റെ നാലാം വാര്‍ഷികത്തിലാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്.
‘സ്‌പേം ഡൊണേഷന്‍ വിഷയമായ വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ ബോളിവുഡില്‍ ചുവടുവെച്ചത്. അതിന് ഷൂജിത് ദായോട് ഒരുപാട് നന്ദി. കാരണം ആ ചിത്രമാണ് പ്രേക്ഷകര്‍ മാറിത്തുടങ്ങിയതെന്നും അത്ര സ്വീകാര്യമല്ലെന്ന് കരുതിയിരുന്ന വിഷയങ്ങളെ സമൂഹം സ്വീകരിക്കാന്‍ തുടങ്ങിയെന്നും കാണിച്ചുതന്നത്.
പിന്നീട് ആനന്ദ് എല്‍. റായ്ക്കും ആര്‍.എസ് പ്രസന്നക്കുമൊപ്പം ശുഭ് മംഗള്‍ സാവ്ധാനിലൂടെ ഞാന്‍ വീണ്ടും അവിടേക്കെത്തുകയായിരുന്നു. ഇറക്ടൈല്‍ ഡിസ്ഫങ്ഷന്‍ പോലുള്ള ഒരു വിഷയം പോലും വളരെ ശ്രദ്ധിച്ചും അതേസമയം പ്രേക്ഷകര്‍ക്ക് ആസ്വാദ്യമായ രീതിയിലും അവതരിപ്പിക്കുന്നതിലായിരുന്നു അവര്‍ രണ്ടുപേരുടെയും കഴിവ്.
വിക്കി ഡോണറിന് ശേഷം ശുഭ് മംഗള്‍ സാവ്ധാനാണ്, നിഷിദ്ധമെന്ന് പറഞ്ഞു മാറ്റിവെച്ചിരിക്കുന്ന പല വിഷയങ്ങളെും കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യയിലെ ജനങ്ങള്‍ തയ്യാറാണെന്ന വിശ്വാസം വീണ്ടും ഊട്ടിയുറപ്പിച്ചത്. ഈ സിനിമയാണ് എനിക്ക് എന്റെ മറ്റു ചിത്രങ്ങള്‍ക്കുള്ള ധൈര്യം നല്‍കിയത്. എന്നിലെ കലാകാരന് ശക്തി പകര്‍ന്നതിന് ശുഭ് മംഗള്‍ സാവ്ധാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു,’ ആയുഷ്മാന്‍ ഖുരാന തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെഴുതി.