| Saturday, 5th December 2020, 9:07 am

കര്‍ഷകരെ പിന്തുണക്കുന്ന ട്വീറ്റുമായി ബി.ജെ.പി മുന്‍ എം.പി ധര്‍മേന്ദ്ര; വിവാദമായപ്പോള്‍ പിന്‍വലിക്കലും വിശദീകരണവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തെ പിന്തുണക്കുന്ന  ട്വീറ്റ് പിന്‍വലിച്ചതിന് വിശദീകരണവുമായി   ബി.ജെ.പി മുന്‍ എം.പിയും ബോളിവുഡ് നടനുമായ ധര്‍മേന്ദ്ര.  കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് ധര്‍മേന്ദ്ര ട്വീറ്റ് ചെയതത്.

‘കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണം. ദല്‍ഹിയില്‍ ദിനംപ്രതി കൊറോണ കേസുകള്‍ വര്‍ധിക്കുകയാണ്. ഈ അവസ്ഥ ഏറെ വേദനാജനകമാണ്.’ എന്നായിരുന്നു ധര്‍മേന്ദ്രയുടെ ട്വീറ്റ്.

ബികാനേറില്‍ നിന്നുള്ള ബി.ജെ.പി മുന്‍  എം.പിയായ ധര്‍മേന്ദ്രയുടെ ട്വീറ്റ്  ബി.ജെ.പിക്ക്  വലിയ തിരിച്ചടിയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്വീറ്റ് ഏറെ ചര്‍ച്ചയാവുകയും ചെയ്തു. തുടര്‍ന്ന് ധര്‍മേന്ദ്ര പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതോടെ ബി.ജെ.പിക്കും നടനുമെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമായി.

ഒടുവില്‍ ട്വീറ്റ് പിന്‍വലിച്ചതില്‍ വിശദീകരണവുമായി ധര്‍മേന്ദ്ര രംഗത്തെത്തി. എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

‘ചില കമന്റുകള്‍ ഏറെ വേദനിപ്പിച്ചതുകൊണ്ടാണ് ട്വീറ്റ് ഡിലീറ്റ് ചെയ്തത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ എന്നെ ചീത്ത പറഞ്ഞോളൂ. അത് നിങ്ങളെ സന്തോഷിപ്പിക്കുന്നുവെങ്കില്‍ എനിക്കും സന്തോഷമേ ഉള്ളൂ. എന്റെ കര്‍ഷക സഹോദരങ്ങളുടെ വേദനയില്‍ എനിക്ക് വേദനയുണ്ട്. സര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയേ മതിയാകൂ. ആരും ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറുകുന്നില്ല.’ ട്വീറ്റില്‍ ധര്‍മേന്ദ്ര പറഞ്ഞു.

ധര്‍മേന്ദ്രയുടെ മകനും ഗുര്‍ദാസ്പൂരിലെ ബി.ജെ.പി എം.പിയുമായ ബോളിവുഡ് നടന്‍ സണ്ണി ഡിയോളിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ധര്‍മേന്ദ്ര ആദ്യ ട്വീറ്റ് പിന്‍വലിച്ചതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. നിങ്ങളുടെ ഈ മനോഭാവത്തെ കുറിച്ച് എനിക്കൊന്നും പറയാനില്ല എന്നായിരുന്നു ഈ കമന്റുകളോടുള്ള ധര്‍മേന്ദ്രയുടെ പ്രതികരണം.

പത്ത് ദിവസമായി ദല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bollywood actor and former BJP MP Dharmendra explains why he deleted tweet supporting protesting farmers

We use cookies to give you the best possible experience. Learn more