ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘വാശി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബോളിവുഡ് താരം അഭിഷേക് ബച്ചനും ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു.
എന്നാല്‍ പോസ്റ്റിന് ഒരു സംവിധായകന് കുറിച്ച കമന്റും അതിന് അഭിഷേക് നല്കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
‘മലയാളത്തില്‍ നിന്നും വീണ്ടും മറ്റൊരു ഇന്‍ക്രെഡിബിള്‍ സിനിമ എന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് അഭിഷേക് കുറിച്ചത്. അഭിഷേകിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ‘സഹോദരാ, എന്നെങ്കിലും ബോളിവുഡും ഒരു ഇന്‍ക്രെഡിബിള്‍ സിനിമ ചെയ്യണം’ എന്നായിരുന്നു സംവിധായകനായ കമാല്‍ ആര്. ഖാന് കുറിച്ചത്.
തനിക്കെതിരെ വരുന്ന ട്രോളുകള്‍ക്ക് ചുട്ട മറുപടി കൊടുക്കുന്നതില്‍ പേരുകേട്ട അഭിഷേക് ബച്ചന് ഉടന്‍ തന്നെ കമാലിന് മറുപടിയും നല്കി. ‘ഞങ്ങള്‍ ശ്രമിക്കാം, നിങ്ങളുടെ ‘ദേശദ്രോഹി’ ഉണ്ടല്ലോ,’ എന്നായിരുന്നു അഭിഷേകിന്റെ മറുപടി.
2008ല്‍ കമാല്‍ ആര്. ഖാന്റെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രമായിരുന്നു ദേശദ്രോഹി. ബോളിവുഡ് താരങ്ങളുടെ സമൂഹമാധ്യമപേജുകളില്‍ പരിഹാസ കമന്റിടുന്നത് കമാലിന് ഒരു ശീലമാണ്. ഇത്തവണ അദ്ദേഹം ചെയ്ത കമന്റിന് അഭിഷേക് ചുട്ട മറുപടി നല്‍കുകയായിരുന്നു.
എന്നാല്‍ അവിടെയും നിര്‍ത്താന്‍ സംവിധായകന് ഒരുക്കമായിരുന്നില്ല. ‘നിങ്ങളുടെ മേക്കപ്പ് മാന്റെ ബജറ്റിനെക്കാളും കുറവാണ് എന്റെ സിനിമയുടെ ബജറ്റ്. എനിക്ക് രണ്ടാമതൊരു സിനിമ കൂടി ചെയ്യണമെന്നുണ്ട്. പക്ഷേ ബോളിവുഡ് അതിനു അനുവദിക്കുന്നില്ല. ഇല്ലെങ്കില്‍ അത് മറ്റൊരു ബ്ലോക് ബസ്റ്റര്‍ ആകുമായിരുന്നു,’ കമാല്‍ കുറിച്ചു.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എ. ആര്. റഹ്മാന്, തൃഷ, മഹേഷ് ബാബു, സാമന്ത, എന്നീ പ്രമുഖതാരങ്ങളെല്ലാം വാശിയുടെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.
നവാഗതനായ വിഷ്ണു ജി. രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ചിത്രം നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്.
ഉര്‍വശി തിയേറ്റേഴ്സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്.