| Wednesday, 29th April 2020, 3:22 pm

'വ്യക്തി പ്രഭാവം മാന്ത്രികതയായിരുന്നു,' ഇര്‍ഫാന്‍ ഖാനെക്കുറിച്ച് പ്രിയങ്ക ചോപ്ര, പ്രിയ താരത്തിന് യാത്രാമൊഴി നല്‍കി ബോളിവുഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച് നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഇര്‍ഫാന് യാത്രാമൊഴി നല്‍കിയത്.
‘ നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും കൊണ്ടു വന്ന വ്യക്തി പ്രഭാവം ഒരു മാന്ത്രികതയായിരുന്നു. നിങ്ങളുടെ കഴിവുകള്‍ പല രീതിയില്‍ അനേകര്‍ക്ക് വഴികാട്ടിയായി. നിങ്ങള്‍ ഞങ്ങളിലൊരുപാട് പേരെ പ്രചോദിപ്പിച്ചു. തീര്‍ച്ചയായും നിങ്ങളെ മിസ് ചെയ്യും,’പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

ഒപ്പം അമിതാബ് ബച്ചനും ഇര്‍ഫാന്‍ ഖാനെക്കുറിച്ച് ട്വിറ്ററില്‍ എഴുതി.

‘ ഇര്‍ഫാന്‍ അന്തരിച്ച വാര്‍ത്തകള്‍ ലഭിക്കുന്നു. ഇത് അസ്വസ്ഥകരവും സങ്കടകരവുമായ വാര്‍ത്തയാണ്. അവിശ്വസനീയമായ കഴിവ്. കരുണയുള്ള ഒരു സഹപ്രവര്‍ത്തകന്‍, ലോകസിനിമയില്‍ സമൃദ്ധമായ സംഭവനകള്‍ നല്‍കിയയാള്‍, ഞങ്ങളെ വളരെ വേഗം വിട്ടു. ഒരു വലിയ ശൂന്യത സൃഷ്ടിക്കുന്നു, പ്രാര്‍ത്ഥനകള്‍,’ ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇവര്‍ക്കു പുറമെ അക്ഷയ് കുമാര്‍, സോനം കപൂര്‍, വരുണ്‍ ധവാന്‍, ഷബാന ആസ്മി, കരീന കപൂര്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയവരും ഇര്‍ഫാന്‍ ഖാന് അനുശോചനം അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് ഇര്‍ഫാന്‍ ഖാന്റെ മരണ വാര്‍ത്ത പുറത്തു വന്നത്. കാന്‍സര്‍ രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 54 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ഖാനെ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.

ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി സിനിമകളുടെ ഭാഗമായ ഇര്‍ഫാന്‍ ഖാന്‍ 1988 ല്‍ പുറത്തിറങ്ങിയ സലാം ബോംബേ എന്ന ചിത്രത്തിലാണ്് ആദ്യമായി ബിഗ് സ്‌ക്രീനിലെത്തിയത്.1987 ല്‍ പഠിത്തം പൂര്‍ത്തിയായതിനു ശേഷം ഇര്‍ഫാന്‍ മുംബൈയിലേക്ക് മാറി. അക്കാലത്ത് അദ്ദേഹം ഒരു പാട് ടി വി സീരിയലുകളില്‍ അഭിനയിച്ചു. ‘ചാണക്യ’, ‘ചന്ദ്രകാന്ത’ എന്നിവ അവയില്‍ പ്രധാനമാണ്. വില്ലന്‍ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്. 2007 ല്‍ അഭിനയിച്ച ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more