സുക്രെ: ബ്രിക്സ് കൂട്ടായ്മയില്‍ അംഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ച് ബൊളീവിയ. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയാണ് ബ്രിക്സില്‍ അംഗമാകാനുള്ള താത്പര്യം ബൊളീവിയന്‍ പ്രസിഡന്റ് ലൂയിസ് ആര്‍സെ അറിയിച്ചത്.
അമേരിക്കയുടെ ഏകാധിപത്യത്തെ ചോദ്യ ചെയ്യാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ബ്രിക്‌സ് ബൊളീവിയയുടെ സാമ്പത്തികവ്യാവസായിക വികസനത്തിന് കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ആണ് ബ്രിക്സ്.
ബൊളീവിയയിലെ ലിഥിയം നിക്ഷേപം ലക്ഷ്യമിട്ട് അമേരിക്ക രാജ്യത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ബൊളീവിയ ബ്രിക്‌സില്‍ അംഗമാകാന്‍ താത്പര്യമറിയിച്ചത്.
അമേരിക്കയുടെയും പാശ്ചാത്യ സഖ്യകക്ഷികളുടെയും സമ്മര്‍ദ്ദത്തെ ചെറുക്കുന്നതിന് വേണ്ടി കുറച്ചു രാജ്യങ്ങള്‍ ഒരുമിച്ച് നിന്നുണ്ടാക്കിയ ഗ്രൂപ്പ് ആണ് ബ്രിക്സ്. 2009ല്‍ ആണ് ബ്രിക്സ് സ്ഥാപിതമാകുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നിവയാണ് സ്ഥാപക അംഗങ്ങള്‍.
അംഗരാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും ഗവണ്‍മെന്റും വര്‍ഷം തോറും യോഗം ചേരുന്നു. ഓരോ രാജ്യവും ഗ്രൂപ്പിന്റെ ഒരു വര്‍ഷത്തെ റൊട്ടേറ്റിംഗ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നു. ഭൗമരാഷ്ട്രീയത്തിന് പുറമെ, സാമ്പത്തിക സഹകരണവും വര്‍ധിപ്പിക്കുന്ന ബഹുരാഷ്ട്ര വ്യാപാരവും വികസനവുമാണ് ബ്രിക്സ് ലക്ഷ്യമിടുന്നത്.
സൗത്ത് ആഫ്രിക്ക, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് നിലവില്‍ ബ്രിക്സ്. നേരത്തെ അര്‍ജന്റീന, അള്‍ജീരിയ, ഇന്തോനേഷ്യ, എത്യോപ്യ, ക്യൂബ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കൊമോറോസ്, ഗാബോണ്‍, കസാക്കിസ്ഥാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ബ്രിക്സില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും പുതിയ രാജ്യങ്ങള്‍ ബ്രിക്‌സില്‍ അംഗമാകുന്നത് അനുകൂലിച്ചിട്ടുണ്ട്.
Content Highlight: Bolivia expressed interest in becoming a member of BRICS