മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം; ഇസ്രഈലുമായി നയതന്ത്ര ബന്ധമുപേക്ഷിച്ച് ബൊളീവിയ
World News
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം; ഇസ്രഈലുമായി നയതന്ത്ര ബന്ധമുപേക്ഷിച്ച് ബൊളീവിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st November 2023, 8:36 am

 

ലാ പാസ്: ഇസ്രഈലുമായി നയതന്ത്രം ബന്ധം ഉപേഷിക്കുന്നതായി പ്രഖ്യാപിച്ച് ബൊളീവിയ. ഗാസ മുനമ്പില്‍ ഇസ്രഈല്‍ ഫലസ്തീന്‍ ജനതക്കുമേല്‍ അക്രമണങ്ങള്‍ അഴിച്ചിവിടുന്നത് ചൂണ്ടികാട്ടിയാണ് നയതന്ത്രബന്ധമുപേഷിച്ചത്.

ഇസ്രഈല്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തുന്നുവെന്നും ഗാസ മുനമ്പില്‍ ഹമാസ് പോരാളികള്‍ക്ക് എതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും ബൊളീവിയ ആവശ്യപ്പെട്ടു. കൂടാതെ ഇസ്രഈല്‍ -ഹമാസ് യുദ്ധത്തില്‍ ഗസയില്‍ ജീവന്‍ നഷ്ടപ്പെട്ട ഫലസ്തീനികളെ കുറിച്ചും അവര്‍ സംസാരിച്ചു.

‘ഗസ മുനമ്പില്‍ ഇസ്രഈല്‍ സൈന്യം നടത്തുന്ന അനിയന്ത്രിതമായ ആക്രമണത്തെ ബൊളീവിയ നിരസിക്കുകയും അപലപിക്കുക്കയും ചെയ്യുന്നു. ഇതിനാലാണ് ഇസ്രഈലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിക്കാന്‍ തീരുമാനിച്ചത്,’ ബൊളീവിയയുടെ ഡെപ്യൂട്ടി വിദേശ കാര്യമന്ത്രി ഐഡി മമാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഫലസ്തീന്‍ ജനതക്കെതിരെ ഗസ മുനമ്പില്‍ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ഇസ്രഈല്‍ ചെയ്തതായി വിദേശകാര്യ മന്ത്രിയുടെ ചുമതലയുള്ള മരിയ നെല പ്രദ പറഞ്ഞു.ആയിരക്കണക്കിന് സിവിലിയന്‍മാരുടെ മരണങ്ങള്‍ക്കും ഫലസ്തീനികളുടെ നാടുകടത്തലിനും യുദ്ധം കാരണമായതായി അവര്‍ പറഞ്ഞു.

ഗസ മുനമ്പില്‍ മാനുഷിക സഹായം നല്‍കുന്ന അന്താരാഷ്ട്ര സംഘടനകളോടുള്ള ഇസ്രയേലിന്റെ ശത്രുതാപരമായ പെരുമാറ്റം ശരിയല്ലെന്നും ബൊളീവിയ ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുമെന്നും പ്രദ പറഞ്ഞു. എന്നാല്‍ അത് എന്നാണെന്ന് അവര്‍ വിശദീകരിച്ചിട്ടില്ല.

ഇസ്രയേലിനും ഫലസ്തീനും ഇടയിലുള്ള ആക്രമണങ്ങളില്‍ ഒക്ടോബര്‍ ഏഴിന് ബൊളീവിയ ആശങ്ക രേഖപ്പെടുത്തിയിരുന്നു. പിന്നീട് വിദേശകാര്യ മന്ത്രാലയം ഇസ്രഈല്‍ ആക്രമണങ്ങളെ അപലപിക്കുകയും ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രാപിക്കുകയും ചെയ്തിരുന്നു.

ഗസയിലുണ്ടായ ആക്രമണങ്ങളുടെ പേരില്‍ 2009 ല്‍ ബൊളീവിയ ഇസ്രഈലുമായി നയതന്ത്ര ബന്ധം വിഛേദിച്ചിരുന്നു. 2020ലാണ് ഇത് പുനസ്ഥാപിച്ചത്.

content highlight : Bolivia cuts diplomatic relations with Israel alleging ‘crimes against humanity’