പിക് അപ് വിപണിയിലെ മേധാവിത്തം ഉറപ്പാക്കാനും നഗരപ്രദേശങ്ങളിലെ ചരക്കു നീക്കത്തെ സഹായിക്കാനുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബൊലേറോ പിക് അപ്പിന്റെ പുത്തന്‍ വകഭേദമായ ബൊലേറോ മാക്‌സി ട്രക്ക് പ്ലസ് വിപണിയിലിറക്കി.
4.33 ലക്ഷം രൂപയാണു പുതിയ പിക് അപ്പിന് വില.[]
നഗരങ്ങളിലെ ചരക്കുനീക്കത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ബൊലേറോ പിക് അപ് പ്ലാറ്റ്‌ഫോമില്‍ സാക്ഷാത്കരിച്ചതാണു ബൊലേറോ മാക്‌സി ട്രക്ക് പ്ലസ് എന്ന് കമ്പനിയുടെ ഓട്ടമോട്ടീവ് ഡിവിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് പ്രവീണ്‍ ഷാ വിശദീകരിച്ചു.
മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് നാല് നിലവാരമുള്ള 2,523 സി സി, നാലു സിലിണ്ടര്‍ കോമണ്‍ റെയില്‍ എന്‍ജിന്‍ ഘടിപ്പിച്ച പിക് അപ്പിന് ഓരോ ലീറ്റര്‍ ഡീസലിലും 17.7 കിലോമീറ്ററാണു കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
40.6 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കാര്‍ഗോ ബോക്‌സും 1,150 കിലോഗ്രാം ഭാരവാഹക ശേഷിയുമാണ് ബൊലേറോ മാക്‌സി ട്രക്ക് പ്ലസിന്റെ സവിശേഷതകളെന്നും അദ്ദേഹം വിശദീകരിച്ചു.
നഗരത്തിരക്കും ചെറു പട്ടണങ്ങളിലെ വീതി കുറഞ്ഞ റോഡുകളുമൊക്കെ പരിഗണിച്ചാണ് വാഹനത്തിന്റെ രൂപകല്‍പ്പനയെന്നും അദ്ദേഹം അവകാശപ്പെട്ടു.
പവര്‍ സ്റ്റീയറിങ് സഹിതമെത്തുന്ന വാഹനത്തിന്റെ ടേണിങ് റേഡിയസ് 5.5 മീറ്ററാണ്. ഒപ്പം ആകര്‍ഷകമായ വിലയ്ക്കാണു ബൊലേറോ മാക്‌സി ട്രക്ക് പ്ലസ് വില്‍പ്പനയ്‌ക്കെത്തുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു.
വന്‍ വളര്‍ച്ച കൈവരിച്ചാണ് ഇന്ത്യന്‍ പിക് അപ് വിപണി മുന്നേറുന്നതെന്ന് ഷാ വിലയിരുത്തി.
ഈ മുന്നേറ്റത്തില്‍ മികച്ച നേട്ടം കൊയ്യാന്‍ മഹീന്ദ്രയ്ക്കു സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മുതല്‍ മൂന്നര ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള പിക് അപ് വിഭാഗത്തില്‍ 54% ആണ് കമ്പനിയുടെ വിപണി വിഹിതം.
ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പുതിയ മോഡലുകളും വകഭേദങ്ങളും അവതരിപ്പിച്ച് ഈ വിഭാഗത്തില്‍ പ്രകടനം മെച്ചപ്പെടുത്താനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നതെന്നും പ്രവീണ്‍ ഷാ അറിയിച്ചു.