| Monday, 31st August 2015, 10:34 am

നൈജീരിയയില്‍ ബോക്കോഹറാം ഭീകരര്‍ 68 ഗ്രാമീണരെ വധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബൂജ:  നൈജീരിയയിലെ ബോര്‍ണോ പ്രവിശ്യയില്‍ ബോക്കോ ഹറാം ഭീകരര്‍ 68 ഗ്രാമീണരെ വധിച്ചതായി പ്രവിശ്യാ ഗവര്‍ണര്‍. ചിബോക്കില്‍ ബോക്കോ ഹറാം തട്ടിക്കൊണ്ട് പോയ 219 പെണ്‍കുട്ടികളുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഗവര്‍ണര്‍ കാശിം ഷെട്ടിമ വാര്‍ത്ത സ്ഥിരീകരിച്ചത്.

ബോര്‍ണോവിലെ ബാനു ഗ്രാമത്തില്‍ നിന്നാണ് ആളുകളെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി വധിച്ചത്. ഭീകരര്‍ ക്രിസ്ത്യന്‍, മുസ്‌ലിം വ്യത്യാസമില്ലാതെ കൂട്ടക്കൊല തുടരുകയാണെന്നും ഗ്രാമീണരെ പോലും വെറുതെ വിടുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആറ് വര്‍ഷക്കാലമായി നൈജീരിയയിലും ചാഡിലും നിരന്തരം ആക്രമണം നടത്തുന്ന ബോക്കോ ഹറാം 20,000ത്തിലധികം നിരപരാധികളെയാണ് കൊന്നൊടുക്കിയത്.

ചിബോക്ക് പ്രവിശ്യയില്‍ നിന്നും 219 പെണ്‍കുട്ടികളെ ഭീകര്‍ തട്ടിക്കൊണ്ട് പോയതിന് ശേഷമാണ് ബോക്കോ ഹറാം അന്താരാഷ്ട്ര തലത്തില്‍ സംഘടന കുപ്രസിദ്ധിയാര്‍ജിച്ചിരുന്നത്. പെണ്‍കുട്ടികളെ നിര്‍ബന്ധിത വിവാഹത്തിന് വിധേയരാക്കിയതായും വാര്‍ത്തകളുണ്ടായിരുന്നു.

നേരത്തെ 25 ഓളം സ്വാധീന കേന്ദ്രങ്ങളില്‍ നിന്ന് ബോക്കോ ഹറാമിനെ നൈജീരിയന്‍-ചാഡ് സൈന്യം തുരത്തിയിരുന്നു. ഇതിന് പിന്നാലെ ഇസിസുമായി ഒത്തു ചേര്‍ന്നാണ് സംഘടന വിവിധയിടങ്ങളില്‍ ചാവേറാക്രമണം ഉള്‍പ്പടെ നടത്തിയിരുന്നത്.
ബോകോ ഹറാം

We use cookies to give you the best possible experience. Learn more